കർണാടകയിലെ പന്നിഫാമിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: സമഗ്രാന്വേഷണത്തിന് മാതാവ് പരാതി നൽകി
1460468
Friday, October 11, 2024 5:20 AM IST
കൽപ്പറ്റ: കർണാടകയിലെ മൈസൂരു ജില്ലയിൽപ്പെട്ട ഹുൻസൂർ താലൂക്കിലെ പഞ്ചുവള്ളിയിൽ ബത്തേരി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണത്തിന് മാതാവ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. കോട്ടത്തറ കുഴിവയൽ അരന്പറ്റക്കുന്ന് ആനച്ചാലിൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മയാണ് മകൻ ഗിരീഷിന്റെ(39)മരണത്തിൽ വിശദാന്വേഷണത്തിന് പരാതി നൽകിയത്.
ഒന്നര വർഷമായി പഞ്ചുവള്ളിയിലെ പന്നിഫാമിൽ മേൽനോട്ടക്കാരനായി ജോലി ചെയ്യുന്ന ഗിരീഷ് കഴിഞ്ഞ 27ന് രാത്രിയാണ് കുത്തേറ്റുമരിച്ചത്. ഈ സംഭവത്തിൽ ഫാം ജീവനക്കാരനും മുട്ടിലിൽനിന്നു വിവാഹം കഴിച്ച തൊടുപുഴ സ്വദേശിയുമായ ഷംസുദ്ദീനെ കർണാടക പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
27ന് അർധരാത്രിയോടെയാണ് ഫാം ഉടമകളിൽ ഒരാൾ ഗിരീഷ് കുത്തേറ്റു മരിച്ച വിവരം അന്നമ്മയുടെ മറ്റൊരു മകൻ ബാബുവിന്റെ ഫോണിൽ വിളിച്ച് അറിയിച്ചത്. ഇതേത്തുടർന്ന് ബന്ധുക്കൾ 28ന് രാവിലെ 10 ഓടെ ഹുൻസൂർ പോലീസ് സ്റ്റേഷനിൽ എത്തി.
ഈ സമയം പോലീസ് സ്റ്റേഷൻ വളപ്പിൽ ആംബുലൻസിലാണ് ഗിരീഷിന്റെ മൃതദേഹം ഉണ്ടായിരുന്നത്. മൈസൂരുവിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വിട്ടുകിട്ടിയത്. ജില്ലാ അതിർത്തിയിലെ ബാവലി വരെ കർണാടക ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹം കേരള ആംബുലൻസിലേക്ക് മാറ്റി രാത്രി ഏഴോടെയാണ് അരന്പറ്റക്കുന്നിലെ വീട്ടിൽ എത്തിച്ചത്. രാത്രി 9.30 ഓടെ കുറുന്പാല പള്ളിയിലായിരുന്നു സംസ്കാരം.
ഗിരീഷിന്റെ മൃതദേഹം ഹുൻസൂർ പോലീസ് ഇൻക്വസ്റ്റ് ചെയ്തത് ബന്ധുക്കളുടെ സാന്നിധ്യത്തിൽ അല്ല. പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ടും ബന്ധുക്കളെ പോലീസ് അടുപ്പിച്ചില്ല. ഫാമിന്റെ ഉടമകളോ തൊഴിലാളികളോ ഹുൻസുർ പോലീസ് സ്റ്റേഷനിലോ പോസ്റ്റ്മോർട്ടം നടന്ന ആശുപത്രി പരിസരത്തോ ഉണ്ടായിരുന്നില്ല.
സംസ്കാരച്ചടങ്ങിലും ഇവർ പങ്കെടുത്തില്ല. ഗിരീഷ് മുൻപ് ജോലി ചെയ്തിരുന്ന മൈസൂരുവിലെ പന്നിഫാം ഉടമ കണ്ണൂർ കേളകം സ്വദേശിയെ മാത്രമാണ് സ്റ്റേഷനിലും പോസ്റ്റുമോർട്ടം നടന്ന ആശുപത്രിക്കടുത്തും കാണാനായത്. 29ന് വൈകുന്നേരം ഫാം ഉടമകളിൽ ഒരാൾ അരന്പറ്റക്കുന്നിലെ വീട്ടിൽ വന്നിരുന്നു. ഗിരീഷിനെ ആക്രമിക്കാൻ ഉപയോഗിച്ചതിനു പകരം മറ്റൊരു കത്തിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇദ്ദേഹം അബദ്ധത്തിൽ പറഞ്ഞ് അറിയാനിടയായത്.
ഫാം ഉടമ പറഞ്ഞുപ്രകാരം, രാത്രി ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്നതിനിടെയാണ് ഗിരീഷിന് കുത്തേറ്റത്. "ഇവൻ കുത്തി’ എന്ന് ഗിരീഷ് വിളിച്ചുപറഞ്ഞതുകേട്ടാണ് ഫാം ഉടമകളിൽ ഒരാളും മറ്റു മൂന്നു തൊഴിലാളികളും ഓടിയെത്തിയത്. ഈ സമയം ചോരയൊലിച്ച കത്തിയുമായി നിൽക്കുന്ന ഷംസുദ്ദീനെയും അയാളുടെ രണ്ടുകൈകളും പിടിച്ചുവച്ചിരിക്കുന്ന ഗിരീഷിനെയുമാണ് കണാനായത്. ഗിരീഷിനെ ഷംസുദ്ദീൻ ആക്രമിക്കാനിടയായ സാഹചര്യം ദുരൂഹമാണ്. ഇതിൽ വ്യക്തത വരാൻ വിശദാന്വേഷണം ആവശ്യമാണെന്നു അന്നമ്മയുടെ പരാതിയിൽ പറയുന്നു.
നാലുവീതം ആണും പെണ്ണും അടക്കം എട്ട് മക്കളാണ് അന്നമ്മയ്ക്ക്. 17 വർഷം മുൻപായിരുന്നു ഭർത്താവിന്റെ മരണം. പെണ്മക്കൾ വിവാഹിതരാണ്. ആണ്മക്കളിൽ രണ്ടുപേർ ഭിന്നശേഷിക്കാരാണ്. കുടുംബം പുലർത്തുന്നതും സഹോദരങ്ങളുടെ ചികിത്സ നടത്തുന്നതും ഗിരീഷും കർണാടകയിൽ സിമന്റ് റിംഗ് ജോലി ചെയ്യുന്ന മറ്റൊരു സഹോദരൻ വിനോദുമായിരുന്നു. ഗിരീഷിന്റെ മരണത്തോടെ കുടുംബത്തിന്റെ മുഖ്യ ആശ്രയമാണ് നഷ്ടമായതെന്നും അന്നമ്മയുടെ കത്തിൽ പറയുന്നു.