ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാക്കാൻ നടപടി വേണം കെ.എൽ. പൗലോസ്
1459922
Wednesday, October 9, 2024 6:55 AM IST
പുൽപ്പള്ളി: കേരള, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കണമെന്നും രാത്രിയാത്രാ നിരോധനത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി പുൽപ്പള്ളി ടൗണിൽ ധർണ നടത്തി. കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി ജനതയുടെ ചിരകാലസ്വപ്നവുമായ ബൈരക്കുപ്പ പാലം കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ കോഴിക്കോട് - കൊല്ലേഗൽ ദേശീയപാത യാത്രാ നിരോധന ഭീഷണിയെ നേരിടുകയാണ്.
സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ കേരള സർക്കാർ താല്പര്യം കാണിക്കുന്നില്ല. യാത്രാ നിരോധനത്തിന് ബദൽ മാർഗമുണ്ടോയെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരുകളോട് ആരാഞ്ഞിട്ടും കേരള സർക്കാർ വേണ്ടത്ര താല്പര്യം കാണിച്ചിട്ടില്ല. ആകാശപാതയോ തുരങ്ക പാതയോ ഉപകരിക്കുമോയെന്ന നിർദേശങ്ങൾ ഉയർന്നിട്ടും അതിനുനേരെ സർക്കാർ മുഖം തിരിക്കുകയാണ്. കള്ളാടിആനക്കാംപൊയിൽ തുരങ്ക പാതയുടെ പ്രാധാന്യം പോലും ഈ റോഡിന് നൽകുന്നില്ല. പകരം കുട്ട - ഗോണിക്കുപ്പ വഴി മാനന്തവാടിയിലെത്തുന്ന റോഡാണ് ദേശീയപാതയ്ക്ക് ബദലായി കേരള സർക്കാരും നിർദേശിക്കുന്നത്.
ഈ റോഡ് അനിവാര്യമാണ്. പക്ഷേ അത് കോഴിക്കോട് ബത്തേരി - ബംഗളൂരു പാതയ്ക്ക് ബദലാകില്ല. ഈ പാത അടഞ്ഞു പോയാൻ വയനാടിന്റെ വികസന സ്വപ്നങ്ങൾ കെട്ടുപോകും. ഈ സാഹചര്യത്തിൽ 30 വർഷങ്ങൾക്കമുന്പ് കേരള, കർണാടക മുഖ്യമന്ത്രിമാർ ഒരുമിച്ച് ശിലാസ്ഥാപനംനടത്തിയ ബൈരക്കുപ്പപാലം യാഥാർഥ്യമാക്കാൻ കേരള സർക്കാർ മുൻകൈ എടുക്കണമെന്നും കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, ജോർജ് തട്ടാംപറന്പിൽ, സെലിൻ മാനുവൽ, ജോണി പനച്ചിക്കൽ, ജോയി വാഴയിൽ, മേഴ്സി ബെന്നി, സി.പി. കുര്യാക്കോസ്, ടി.പി. ശശിധരൻ, റെജി പുളിങ്കുന്നേൽ, ജോമറ്റ് കോതവഴിക്കൽ, കെ.എം. എൽദോസ്, പി.എം. കുര്യൻ, സിജു പൗലോസ്, ജോസ് നാമറ്റം, ജോയി കല്ലേലുമുളത്ത് എന്നിവർ പ്രസംഗിച്ചു.