നിറങ്ങൾ ചാർത്തി വയനാട് ഉത്സവ്: വിനോദ കേന്ദ്രങ്ങൾ ഉണരുന്നു
1459918
Wednesday, October 9, 2024 6:55 AM IST
കൽപ്പറ്റ: വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ ഉണർവിനായി അരങ്ങേറുന്ന ഉത്സവ് ഫെസ്റ്റിവെലിൽ എൻ ഉൗരിലേക്കും കാരാപ്പുഴയിലേക്കും സഞ്ചാരികൾ കൂടുതലായി എത്തി തുടങ്ങി. എൻ ഉൗരിലെ നാടൻ കലകളുടെ അവതരണവും ഭക്ഷ്യമേളയും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.
കാരാപ്പുഴയും പ്രകാശ വിതാനങ്ങളാൽ അണിഞ്ഞൊരുങ്ങിയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. വിവിധ കലാപരിപാടികളും ശ്രദ്ധേയമാണ്. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, എൻ ഉൗര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററിലാണ് കലാപരിപാടികൾ അരങ്ങേറുന്നത്.
എൻ ഉൗരിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നൂൽപ്പുഴ എംആർഎസ് വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകുന്നേരം നാല് മുതൽ 6.30 വരെ നാടൻകലാവതരണം വയൽനാടൻ പാട്ടുകൂട്ടം. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ എംആർഎസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകുന്നേരം നാല് മുതൽ ആറ് വരെ വയൽനാട് നാട്ടുകൂട്ടത്തിന്റെ നാടൻ കലാവതരണം നടക്കും.
കാരാപ്പുഴ ഡാമിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ രാത്രി എട്ട് വരെ ഉണർവ് നാടൻപാട്ട്, നാളെ വൈകുന്നേരം 5.30 മുതൽ 7.30 വരെ വയനാട് നാട്ടുകൂട്ടം നാടൻപാട്ട് നാടൻകലകൾ, 11ന് വൈകുന്നേരം 5.30 മുതൽ 7.30 വരെ ഡിജെ വിത്ത് ഡ്രംസ്, 12 ന് വൈകുന്നേരം 5.30 മുതൽ 7.30 വരെ വയലിൻ ഫ്യൂഷൻ ശ്രീരാജ് സുന്ദർ, 13ന്5.30 മുതൽ എട്ട് വരെ മ്യൂസിക്കൽ പെർഫോമൻസ് എന്നിവ അരങ്ങേറും.