കോണ്‍ഗ്രസ് സമരം അപഹാസ്യം: സിപിഎം
1459915
Wednesday, October 9, 2024 6:55 AM IST
പുൽപ്പള്ളി: ബൈരക്കുപ്പ പാലത്തിന്റെ പേരിൽ കോണ്‍ഗ്രസ് നടത്തുന്നത് സമരാഭാസമാണന്ന് സിപിഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റി. തറക്കല്ലിട്ട് 30 വർഷം പൂർത്തീകരിക്കാൻ പോകുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികൾ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത്. ഇത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
കേന്ദ്രവും കേരളവും കർണാടകവും കോണ്‍ഗ്രസ് ഭരിക്കുകയും രാഹുൽ ഗാന്ധി ദേശീയ നേതാവായും പാർലമെന്റ് അംഗമായും ഇരുന്നപ്പോൾ പാലം നിർമിക്കുന്നതിൽ നിശബധത പാലിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇപ്പോൾ കർണാടകം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. പാലം നിർമിക്കേണ്ട സ്ഥലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ കേരളത്തിന്േറതായുള്ളു. പാലം നിർമിക്കുന്ന ഘട്ടം വന്നാൽ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുമെന്ന് കേരളം തന്നെ മുൻപ് വ്യക്തമാക്കിയതാണ്.
പാലത്തിന്റെ ഭാഗമായി നിർമ്മിക്കേണ്ടുന്ന അപ്രോച്ച് റോഡ് പൂർണമായും കർണാടക സംസ്ഥാനത്തിന്റെതാണ്. ഇതാകട്ടെ വനഭൂമിയുമാണ്. ഇവിടെ നിർണാണ പ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി നിർബന്ധമാണ്. ഈ അനുമതി നേടിയെടുക്കാൻ കഴിഞ്ഞ അഞ്ച് വർഷക്കാലം എംപിയായിരിന്ന രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ല. വരാൻ പോകുന്ന ലോക്സഭാ ഉപതെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണ് ഈ സമരം. കോണ്‍ഗ്രസിനകത്തെ കടുത്ത ചേരിതിരിവും തമ്മിൽ തല്ലും മറച്ചുവയ്ക്കുന്നതിനാണ് കെപിസിസി അംഗത്തിന്റെ നേതൃത്വത്തിൽ സമരം ചെയുന്നത്.
രാത്രിയാത്രാ നിരോധനം നീക്കാൻ കേന്ദ്രവും കേരള, കർണാടക സംസ്ഥാനങ്ങളും ഒന്നിച്ച് ഭരിച്ചപ്പോൾ ഒന്നും ചെയ്യാത്ത കോണ്‍ഗ്രസും രാഹുൽ ഗാന്ധിയും ജനങ്ങളെ വഞ്ചിക്കുകയായിരിന്നു. ഇപ്പോൾ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്ത് വരുന്നത് പരിഹാസ്യമാണ്. നാടിനോട് പ്രതിബദ്ധതയുണ്ടങ്കിൽ കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറഞ്ഞ് ഇത്തരം സമരാഭാസങ്ങളിൽ നിന്ന് പിൻമാറണം. പി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, രുക്മിണി സുബ്രഹ്മണ്യൻ, സജി മാത്യു, എ.വി. ജയൻ, ബിന്ദു പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.