കനത്ത മഴയിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിൽ തകർന്നു
1459505
Monday, October 7, 2024 6:10 AM IST
കൽപ്പറ്റ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിൽ തകർന്നു. നൂൽപ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഗേൾസ് ഹോസ്റ്റലിന്റെ മതിലാണ് തകർന്നത്.
ഇന്നലെ വൈകീട്ടാണ് സംഭവം. വനത്തിൽനിന്നു മലവെള്ളം ഇരച്ചെത്തിയതാണ് മതിൽ തകരാനിടയാക്കിയത്. ഹോസ്റ്റലിലും അടുത്തുള്ള തേക്കുംപറ്റ നാല് സെന്റ് ഉന്നതിയിലെ വീടുകളിലും വെള്ളം കയറി.
ജില്ലയിൽ വ്യാപകമായി ഇന്നലെ മഴ ലഭിച്ചു. ഉച്ച കഴിഞ്ഞ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചിൽ, വെള്ളം കയറൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകിയിരുന്നു.