ജനിതകമാറ്റം വരുത്തിയ വിളകൾ: വട്ടമേശ സമ്മേളനം നടത്തി
1459496
Monday, October 7, 2024 6:10 AM IST
കൽപ്പറ്റ: ജിഎംഒ ദേശീയ കരട് നയരൂപീകരണവുമായി ബന്ധപ്പെട്ട് ആന്റി ഫ്രീട്രേഡ് എഗ്രിമെന്റ് ഫോറം വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു.
ജിഎം വിളകൾ സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകിയ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സുരക്ഷിതമല്ലാത്ത ആധുനിക ബയോടെക്നോളജി ഉത്പന്നങ്ങൾ കാർഷിക മേഖലയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ സമഗ്ര ജൈവ സുരക്ഷാ നയമാണ് രാജ്യത്തിനു ആവശ്യമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ശാസ്ത്രത്തോടുള്ള സർക്കാരിന്റെ ഉത്തരവാദിത്തവുംസമൂഹത്തോടുള്ള പ്രതികരണവും നയത്തിൽ പ്രതിഫലിക്കണം. പൗരൻമാരുടെയും പ്രകൃതിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് നയത്തിൽ പ്രാധാന്യം നൽകണം. പ്രകൃതിയുടെ സുരക്ഷ, കർഷക കുടുംബങ്ങളുടെ ക്ഷേമം, കാർഷിക സംവിധാനങ്ങളുടെ പാരിസ്ഥിതികവും സാന്പത്തികവുമായ സുസ്ഥിരത, ഉപഭോക്താക്കളുടെ ആരോഗ്യ, പോഷകാഹാര സുരക്ഷ, വീടും വ്യാപാരവും സംരക്ഷിക്കൽ തുടങ്ങിയവ നയത്തിന്റെ ഭാഗമാകണം.
ചെറുകിട-നാമമാത്ര കർഷകരുടെയും തൊഴിലാളികളുടെയും ഭീതിയും ഉത്കണ്ഠയും അകറ്റാൻ നയം പര്യാപ്തമാകണം. രാജ്യത്തിന്റെ കാർഷിക പൈതൃകം സംരക്ഷിക്കണം. ജനിതകമാറ്റം വരുത്തിയ വിളകളുടെ സുരക്ഷിതത്വം തെളിയിക്കണം.
ജനിറ്റിക് എൻജിനിയറിംഗും ജനിറ്റിക് മോഡിഫിക്കേഷനും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നില്ലെന്നു ഉറപ്പുവരുത്തണം. ജീനോം എഡിറ്റിംഗ് ഉൾപ്പെടെ ജിഎം സാങ്കേതികവിദ്യകൾ ഭക്ഷണ, കൃഷി സംവിധാനങ്ങളിൽ വരുന്നത് ഗുണം ചെയ്യില്ല. എന്നിരിക്കേ ജനിറ്റിക് എഞ്ചിനീയറിംഗും ജനിതകമാറ്റം വരുത്തിയ വിത്തുകളും വിളകളും സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരുകൾക്കുണ്ടാകണം.
രാസവള-കീടനാശിനി രംഗത്തെ റഗുലേറ്ററി മൂല്യനിർണയ സംവിധാനങ്ങൾ വികസിപ്പിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങൾ, പ്രക്രിയകൾ, പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ച് അറിയാനും, പഠിക്കാനും അഭിപ്രായം പറയാനും കർഷകർക്കും ഉപഭോക്താക്കൾക്കും സന്ദർഭമുണ്ടാകണം. നിലവിൽ വ്യാപാര സുരക്ഷ മാത്രം ഉറപ്പാക്കുന്ന ജിഎം വിളകൾ രാജ്യത്തിന്റെ കാർഷിക-ഭക്ഷ്യ-വ്യാപാര അവസരങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കുന്നതും പ്രകൃതിദത്ത സസ്യ ശേഖരത്തെയും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനെയും സംരക്ഷിക്കുന്നതുമാകണം നയമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അന്തക വിത്തുകളുടെ ഉപയോഗത്തിനെതിരേ രണ്ട് പതിറ്റുമുന്പ് ഫയൽ ചെയ്ത കേസിൽ
ജൂലായ് 23നാണ് സുപ്രീം കോടതി ജിഎം വിളകളുടെ ദേശീയ നയം രൂപീകരിക്കാൻ ഉത്തരവായത്. സംസ്ഥാന സർക്കാരുകളുടെയും കർഷകരുടെയും പ്രതിനിധികൾ ഉൾപ്പെടെ ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി പൊതു കൂടിയാലോചനയിലൂടെ ദേശീയ നയം രൂപീകരിക്കാനാണ് കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകിയത്. പൊതു കൂടിയാലോചന പ്രക്രിയ കൃത്യമായി നടക്കുന്നുവെന്നും ജനഹിതം നയത്തിൽ പ്രതിഫലിക്കുന്നുവെന്നും ഉറപ്പാക്കേണ്ടത് പൗരസമൂഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
വാട്ടർമാൻ ഡോ. രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. "വിത്തിന്റെ പരാമാധികാരം’ എന്ന വിഷയം കാർഷിക ശാസ്ത്രജ്ഞ ഡോ.ടി.ആർ. സുമയും ജൈവ സുരക്ഷാ നയം കരടുരേഖ ആന്റി ഫ്രീട്രേഡ് എഗ്രിമെന്റ് ഫോറം കണ്വീനർ പി.ടി. ജോണും അവതരിപ്പിച്ചു.
ഓൾ ഇന്ത്യ കിസാൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.എം. സിംഗ്, ഭാരത് കിസാൻ യൂണിയൻ പ്രതിനിധി യോഗേന്ദ്ര സിംഗ്, അഡ്വ. ഗുരുസ്വാമി മധുര, നീലഗിരി വ്യവാസായ തൊഴിലാളർ മുന്നേറ്റസംഘം സെക്ട്രട്ടറി ഇ.എസ്. ശെൽവരാജ്, കെ. വിശ്വംഭരൻ അട്ടപ്പാടി, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ,
ജോസഫ് മാത്യു ഗൂഡല്ലൂർ, ഇ.എസ്. ജോർജ് ഈരാറ്റുപേട്ട, എ. ബാലകൃഷ്ണൻ കമ്മന, രാധാകൃഷ്ണൻ കൊളപ്പള്ളി, അഡ്വ. ഖാലിദ് രാജാ, കെ.ജെ. ജോണ്, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ, ഒ.പി. മുഹമ്മദുകുട്ടി, ഡിക്സണ് ഡിസിൽവ എറണാകുളം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എ.കെ. ഷംസുദ്ദീൻ സെയ്ത് തലപ്പുഴ എന്നിവർ സംസാരിച്ചു.