പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനം ചെയ്തു
1459049
Saturday, October 5, 2024 5:51 AM IST
കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ ടി. സിദ്ദിഖ് എംഎൽഎയുടെ അധ്യക്ഷതയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
പിഡബ്ല്യുഡി റോഡ്സ് എക്സിക്യുട്ടീവ് എൻജിനിയർ സീനത്ത് ബീഗം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജസ്റ്റിൻ ഫ്രാൻസിസ്, ബിൽഡിംഗ്സ് എക്സിക്യുട്ടീവ് എൻജിനിയർ ലക്ഷ്മണൻ, അസിസ്റ്റന്റ് എൻജിനിയർമാരായ സതീഷ് കെ. പീറ്റർ, കെ.എ. പ്രദീഷ്, ഇ.കെ. ചന്ദ്രൻ, വിന്നി ജോണ്, അർച്ചന, കെആർഎഫ്ബി അസിസ്റ്റന്റ് എൻജിനിയർ എം. ജിതിൻ എന്നിവരും വാട്ടർ അഥോറിറ്റി, ജൽജീവൻ മിഷൻ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും പങ്കെടുത്തു.
തരിയോട് എച്ച്എസ്-പത്താംമൈൽ റോഡിലെ പൈപ്പ് ലൈൻ പ്രവൃത്തി ഈ മാസം 15നകം പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനെ ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. ചുരം റോഡ് വികസനത്തിന് പ്രപ്പോസൽ സമർപ്പിച്ചെങ്കിലും തുടർനടപടി വൈകുകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
ദേശീയപാതയിൽ വാര്യട് ഭാഗത്ത് സ്റ്റഡ്, തെർമോപ്ലാസ്റ്റിക് പ്രവൃത്തി മഴ മാറിയാലുടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വൈത്തിരി-തരുവണ റോഡ് ടെൻഡർ നടപടികൾ പൂർത്തിയായതായും ആറുമാസത്തിനകം പ്രവൃത്തി നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാരെ പ്രത്യേകം കാണാനും യോഗം വിളിക്കാനും തീരുമാനിച്ചു. പന്തിപ്പൊയിൽ പാലം, കൽപ്പറ്റ ഔട്ടർ റിംഗ് റോഡ് ഉൾപ്പെടെ പദ്ധതികളുടെ അനുമതിക്ക് വീണ്ടും പ്രപ്പോസൽ സമർപ്പിക്കും. വൈത്തിരി മിനി സിവിൽ സ്റ്റേഷൻ, സുഗന്ധഗിരി പിഎച്ച്സി എന്നിവയുടെ ആദ്യഘട്ടം പ്രവൃത്തി ഭരണാനുമതി ലഭിച്ച തുക ഉപയോഗിച്ച് ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.