കളക്ടറാക്കിയത് പത്രവായന: ഡി.ആർ. മേഘശ്രീ
1459048
Saturday, October 5, 2024 5:51 AM IST
കൽപ്പറ്റ: ദിവസംതോറുമുള്ള പത്രവായനയും അതിയായ ആഗ്രഹങ്ങളും ലക്ഷ്യവുമാണ് തന്നെ ഐഎഎസുകാരിയാക്കിയതെന്നു വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ. കളക്ടറേറ്റിൽ കുട്ടികളുമായുള്ള പ്രതിവാരസംവാദ പരിപാടിയിലാണ് കളക്ടർ മനസ് തുറന്നത്.
മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളാണ് കളക്ടറുടെ ചേംബറിൽ ഇത്തവണ അതിഥികളായി എത്തിയത്. മാതാപിതാക്കളുടെ പിന്തുണ കുട്ടികളുടെ ഭാവി നിർണയത്തിൽ വളരെ വലുതാണെന്ന് കളക്ടർ പറഞ്ഞു.
ചെറുപ്പത്തിൽ മാതാപിതാക്കളിൽനിന്നു പഠനത്തിൽ പ്രോത്സാഹനം കിട്ടിയിരുന്നു. സ്കൂളും കളക്ടറേറ്റും തമ്മിൽ അധിക ദൂരമുണ്ടായിരുന്നില്ല. ദിവസവും രാവിലെ റോഡിലൂടെ കളക്ടറുടെ വാഹനം വരുന്നതു കാണാം. പൊതുജനസേവനത്തിൽ കളക്ടർ ജോലിക്കു വലിയ പങ്കുണ്ടെന്ന തിരിച്ചറിവിലാണ് ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയത്. ആദ്യം ഐടി സെക്ടറിലാണ് ജോലി കിട്ടിയത്.
പിന്നീടാണ് കളക്ടർ ആകണമെന്നു മനസിൽ ഉറപ്പിച്ചത്. ചിട്ടയായ പഠനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ആർക്കും മുന്നേറാം. അനേകം തൊഴിൽ മേഖലകൾ മുന്നിലുണ്ടെന്നും കളക്ടർ പറഞ്ഞു. ടൂറിസം മേഖലയുടെ അതീജീവനത്തിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും മറ്റും സ്വീകരിക്കുന്ന നടപടികൾ കളക്ടർ കുട്ടികളോട് വിശദീകരിച്ചു.
കുട്ടികൾ പറഞ്ഞ പരാതികളിൽ ഉടനടി പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കളക്ടറുമായുള്ള അരമണിക്കൂർ സംവാദം കാഡറ്റുകൾക്കും പ്രചോദനമായി. എല്ലാ ബുധനാഴ്ചയും രാവിലെ 9.30 മുതൽ 10 വരെയാണ് കുട്ടികളുമായി ഗുഡ്മോണിംഗ് എന്ന പേരിൽ കളക്ടറുടെ സംവാദം.