നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു; ബിന്ദു അനന്തൻ പ്രസിഡന്റാകും
1458157
Tuesday, October 1, 2024 8:36 AM IST
സുൽത്താൻ ബത്തേരി: യുഡിഎഫ് ഭരണം നടത്തുന്ന നെന്മേനി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഷീല പുഞ്ചവയൽ രാജിവച്ചു. പതിനഞ്ചാം വാർഡിൽ നിന്നുള്ള കോണ്‍ഗ്രസിന്റെ തന്നെ അംഗം ബിന്ദു അനന്തൻ പുതിയ പ്രസിഡന്റാവും.
2021 പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിയിലുണ്ടാക്കിയിരുന്ന ധാരണപ്രകാരമായിരുന്നു രാജി. ഇന്നലെ വൈകിട്ട് 4.45 ഓടെ പഞ്ചായത്ത് സെക്രട്ടറി എം.വി. ലതിക മുന്‍പാകെ എത്തിയാണ് രാജി സമർപ്പിച്ചത്.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് ഷീല പുഞ്ചവയൽ. പ്രസിഡന്റ് സ്ഥാനം എസ്.ടി. സംവരണമായ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിനെ പ്രതിനിധീകരിക്കുന്ന ഗോത്രവിഭാഗത്തിൽ നിന്നുള്ള കോണ്‍ഗ്രസ് അംഗം ബിന്ദു അനന്തനാണ് പുതിയ പ്രസിഡന്റാവുക.
23 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 16 അംഗങ്ങളും എൽഡിഎഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. ഒരു വർഷം മുന്‍പ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനവും കോണ്‍ഗ്രസിലെ മുൻ ധാരണപ്രകാരം മാറിയിരുന്നു. നെന്മേനി, ചീരാൽകോണ്ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരും യുഡിഎഫ് മെന്പർമാരും രാജി സമർപ്പിക്കാൻ എത്തിയ ഷീല പുഞ്ചവയലിനൊപ്പം ഉണ്ടായിരുന്നു.