കെഎസ്കെടിയു മാർച്ച് നടത്തി
1457811
Monday, September 30, 2024 6:03 AM IST
പുൽപ്പള്ളി: ചേകാടിയിൽ സ്വകാര്യ വ്യക്തികൾ ആരംഭിച്ച സ്റ്റഡ് ഫാമിലേക്ക് കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. നെൽപ്പാടത്ത് സ്റ്റഡ് ഫാം പ്രവർത്തിപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സിപിഎം ഏരിയ സെക്രട്ടറി എം.എസ്. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ചേകാടിയിലെ നെൽപ്പാടങ്ങൾ വിലയ്ക്കുവാങ്ങി വർഷങ്ങളോളം തരിശിട്ടശേഷം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തത്പര കക്ഷികൾ നടത്തുന്ന നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വകുപ്പിന്റെയും അനുമതി നേടാതെ അനധികൃതമായാണ് സ്റ്റഡ് ഫാം നിർമാണം നടത്തിയത്. പഞ്ചായത്ത് ഇതിനെതിരേ നടപടി സ്വീകരിച്ചില്ല. കോണ്ഗ്രസ് ജനപ്രതിനിധികൾ ഉൾപ്പെടെ ചിലരുടെ രഹസ്യ പിന്തുണ സ്റ്റഡ് ഫാം ഉടമകൾക്കുണ്ടെന്നും സുരേഷ്ബാബു പറഞ്ഞു.
പി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. ജോബി കരോട്ടുകുന്നേൽ, ബൈജു നന്പിക്കൊല്ലി, പി.എ. മുഹമ്മദ്, ബാബു പാക്കം, പി.എസ്. കലേഷ്, എം.ഡി. രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു.