കുപ്പാടി ആർആർടി ആൻഡ് വെറ്ററിനറി കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്
1457810
Monday, September 30, 2024 5:58 AM IST
കൽപ്പറ്റ: വനംവകുപ്പിനെ ആധുനികവത്കരിച്ച് മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബത്തേരി കുപ്പാടിയിൽ സജ്ജമാക്കിയ ആർആർടി ആൻഡ് വെറ്ററിനറി കെട്ടിട സമുച്ചയം ഇന്നു രാവിലെ 10.30ന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഐ.സി. ബാലകൃഷ്ണന് എംഎൽഎ അധ്യക്ഷത വഹിക്കും. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു മുഖ്യാതിഥിതയാകും. നബാർഡ് പദ്ധതിയിലാണ് സമുച്ചയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ആർആർടി കെട്ടിടം, വെറ്ററിനറി ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാർട്ടേഴ്സ്, വെറ്ററിനറി ലാബ്, അനിമൽ പോസ്റ്റുമോർട്ടം റൂം എന്നിവ സമുച്ചയത്തിന്റെ ഭാഗമാണ്.
വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, തോൽപ്പെട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾക്കു നിർമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. നബാർഡ് പദ്ധതിയിലാണ് റേഞ്ച് ഓഫീസ് കെട്ടിടങ്ങൾ പണിയുന്നത്. നിലവിലുള്ള കെട്ടിടങ്ങളിൽ പരിമിതമാണ് സൗകര്യങ്ങൾ. അടിസ്ഥാന സൗകര്യം മെച്ചപ്പടുത്തുന്നതിനാണ് പുതിയ കെട്ടിടങ്ങൾ പണിയുന്നത്.