പുഞ്ചിരിമട്ടം ദുരന്തം: പിടിഎച്ച് സംഘങ്ങൾ പരിക്കേറ്റവരെയും രോഗികളെയും സന്ദർശിച്ചു
1457807
Monday, September 30, 2024 5:58 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ പരിക്കേറ്റതിൽ ആവശ്യമായവർക്കും പുഞ്ചരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ രോഗികൾക്കുമായി മുസ്ലിംലീഗ് തുടർ ചികിത്സാ, സാന്ത്വന പരിചരണ പദ്ധതി നടപ്പാക്കുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള പൂക്കോയ തങ്ങൾ ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയറിന്റെ(പിടിഎച്ച്)നേതൃത്വത്തിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
പിടിഎച്ചിന്റെ 34 സംഘങ്ങൾ ഇന്നലെ രോഗികളെയും പരിക്കേറ്റവരെയും വസതികളിൽ സന്ദർശിച്ചു. ഡോക്ടറും നഴ്സും വോളണ്ടിയറും ഉൾപ്പെടെ അഞ്ചുപേരാണ് ഓരോ സംഘത്തിലും. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി രോഗികളും പരിക്കേറ്റതിൽ തുടർ ചികിത്സ ആവശ്യമുള്ളവരുമായി 89 കുടുംബങ്ങളിലെ 125 പേരെ സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. താത്കാലികമായി പുനരധിവസിപ്പിച്ച ഇവർ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് താമസിക്കുന്നത്. പരിക്കേറ്റവരിലും രോഗികളിലും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കും.
വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കർമം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ. സലാം നിർവഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, സെക്രട്ടറി സി. മമ്മൂട്ടി, പിടിഎച്ച് ഭാരവാഹികളായ ഡോ.എം.എ അമിറലി, വി.എം. ഉമ്മർ, പൊട്ടൻകണ്ടി അബ്ദുളള, ജയന്തി രാജൻ, ഉപസമിതി അംഗങ്ങളായ പി.കെ. ഫിറോസ്, പി. ഇസ്മയിൽ, ജിഷാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഉരുൾ ദുരന്തത്തെത്തുടർന്ന് സമാനതകളില്ലാത്ത രക്ഷാ-ദുരിതാശ്വാസ പ്രവർത്തനമാണ് മുസ്ലിം ലീഗ് നടത്തിയതെന്ന് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എൻ.കെ. റഷീദ്, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, പിടിഎച്ച് ജില്ലാ കണ്വീനർ സമദ് കണ്ണിയൻ എന്നിവർ പറഞ്ഞു.
നൂറുകണക്കിന് വൈറ്റ് ഗാർഡും പാർട്ടി പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിലും മൃതദേഹങ്ങൾ മറവുചെയ്യുന്നതിലും പങ്കാളികളായി. നൂറിലധികം ആംബുലൻസുകളാണ് സൗജന്യമായി വിട്ടുനൽകിയത്. രണ്ട് കോടിയിലേറെ രൂപ വിലവരുന്ന സാമഗ്രികൾ ദുരന്തബാധിതർക്കു വിതരണം ചെയ്തു. 651 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും 57 കച്ചവടക്കാർക്ക് 50,000 രൂപ വീതവും നൽകി. ജീവിതോപാധി നഷ്ടപ്പെട്ടതിൽ നാലുവീതം ആളുകൾക്കു ജീപ്പും ഓട്ടോറിക്ഷയും രണ്ടു പേർക്ക് സ്കൂട്ടിയും വിതരണം ചെയ്തു. യുഎഇ കെഎംസിസിയുടെ സഹായത്തോടെ 50 പേർക്ക് വിദേശത്ത് ജോലി ഉറപ്പുവരുത്തി.
പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകളുടെ നിർമാണം സർക്കാർ സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് ആരംഭിക്കും. സ്വയം സ്ഥലം കണ്ടെത്തി ഭവന നിർമാണം നടത്താനുള്ള സന്നദ്ധത മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും അറിയിച്ചതായും നേതാക്കൾ പറഞ്ഞു.