ഉരുൾപൊട്ടൽ പ്രവചന സംവിധാനം: പിന്തുണയുമായി കോർപറേറ്റ് സ്ഥാപനങ്ങൾ
1457801
Monday, September 30, 2024 5:58 AM IST
കൽപ്പറ്റ: ജില്ലയിൽ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന 10 ഇടങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനുള്ള വിമൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നീക്കത്തിനു പിന്തുണയുമായി കോർപറേറ്റ് സ്ഥാപനങ്ങൾ.
ചേംബർ മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ സംഘടിപ്പിച്ച പോസ്റ്റ് ഡിസാസ്റ്റർ കോണ്‍ക്ലേവിൽ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയാണ് സഹായ സന്നദ്ധത അറിയിച്ചത്.
ഹിമാചൽ പ്രദേശിലെ ഐഐടി മണ്ഡിയിലെ വിദഗ്ധർ വികസിപ്പിച്ച ഉരുൾപൊട്ടൽ പ്രവചന സംവിധാനമാണ് ജില്ലാ ഭരണകൂടവമായി സഹകരിച്ച് ചെന്പ്ര, ലക്കിടി ചുരം കവാടം, കുറുന്പാലക്കോട്ട, ബാണാസുരൻമല, മണിക്കുന്നുമല ,അന്‍പുകുത്തിമല, അട്ടമല തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ചേംബർ ഉദ്ദേശിക്കുന്നത്.
ഇതുസംബന്ധിച്ച് ചേംബർ പ്രതിനിധികൾ ഐഐടിയി മണ്ഡിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. കോണ്‍ക്ലേവ് അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടണ്‍ അധ്യക്ഷത വഹിച്ചു.
ഐഐടി മണ്ഡിയിലെ ഡോ.വരുണ്ദത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം പരിചയപ്പെടുത്തി. ടി. സിദ്ദിഖ് എംഎൽഎ, റിലയൻസ് ഫൗണ്ടേഷൻ മേധാവി അനിമേഷ് പ്രകാശ്, കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നോർത്ത് കേരള സോണൽ ചെയർമാൻ സന്തോഷ് കാമത്ത്,
ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ആർക്കിടെക്ട് ജി. ശങ്കർ, ടൂറിസം കണ്‍സൾട്ടന്റ് സുമേഷ് മംഗലശേരി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കന്പനി സിഇഒ രാജേഷ് കൃഷ്ണൻ,
കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് വി.പി. എൽദോ, ന്യൂസ് മലയാളം പ്രതിനിധി അനഘ, ആൽവിൻ കെന്റ്, ദുരന്തഭൂമിയിൽ സന്നദ്ധപ്രവർത്തനം നടത്തിയ രമേശ്, ബഷീർ, ബെന്നി, ചേംബർ സെക്രട്ടറി എം.ഡി. ശ്യാമള എന്നിവർ പ്രസംഗിച്ചു.