സമന്വയം പദ്ധതിക്കു തുടക്കമായി; 627 യുവജനങ്ങൾ രജിസ്റ്റർ ചെയ്തു
1454648
Friday, September 20, 2024 5:16 AM IST
കൽപ്പറ്റ: ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനും കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽ രജിസ്ട്രേഷൻ ക്യാന്പ് മാതൃകാപരമാണെന്ന് അവർ പറഞ്ഞു. അഭ്യസ്തവിദ്യർക്ക് തൊഴിലും ജീവനോപാധിയും നൽകാനുതകുന്നതാണ് ക്യാന്പ്. ജോലിയിൽ ഒതുങ്ങിനിൽക്കാതെ പുത്തൻ ആശയങ്ങളും സാധ്യതകളും യുവജനങ്ങൾ സ്വായത്തമാക്കണമെന്നും കളക്ടർ പറഞ്ഞു.
ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അവസര സമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നൽകുകയുമാണ് സമന്വയം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു. ഡിസംബറോടെ ഒരു ലക്ഷം പേരുടെ തൊഴിൽ രജിസ്ട്രേഷൻ പൂർത്തിയാക്കും.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് യോഗ്യതയനുസരിച്ച് ജോലി ലഭിക്കുന്നതിന് അവസരമൊരുക്കുമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.
എഡിഎം കെ. ദേവകി, ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ധീൻ ഹാജി, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ,
കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോജക്ട് മാനേജർ ഡയാന തങ്കച്ചൻ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി, കഐൻഎം പ്രതിനിധി സയ്യിദ് അലി സ്വലാഹി, കെഎൽസി പ്രതിനിധി തോമസ് ചെമ്മനം, ഡബ്ല്യൂഎംഒ പ്രസിഡന്റ് കാദർ പട്ടാന്പി, വയനാട് ജൈൻ സമാജം ഡയറക്ടർ രാജേഷ്, പ്രസിഡന്റ് നേമി രാജ്, കെ.കെ. മുഹമ്മദലി ഫൈസി,
ഐപിഎഫ് ഡയറക്ടർ ഡോ. ഇർഷാദ്, കൽപ്പറ്റ ദാറുൽ ഫലാഹ് ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദലി ഫൈസി, കെകെഇഎം സ്റ്റേറ്റ് നോഡൽ ഓഫീസർ സനീഷ് കുമാർ, ജൈന സമാജം ഡയറക്ടർ മഹേന്ദ്രകുമാർ,
മാനന്തവാടി സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ്, മാനന്തവാടി രൂപത മൈനോരിറ്റി സെൽ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ, യൂസഫ് ചെന്പൻ എന്നിവർ പ്രസംഗിച്ചു. നോളജ് എക്കോണമി മിഷൻ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ മാനേജർ പി.കെ. പ്രജിത്ത്, പ്രോഗ്രാം മാനേജർ ധന്യ പവിത്രൻ എന്നിവർ ക്ലാസെടുത്തു.
തൊഴിൽ ക്യാന്പിൽ മുസ്ലിം, ക്രിസ്ത്യൻ, ജൈന വിഭാഗങ്ങളിലെ 627 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തു. ഇവരെ പരിശീലനത്തിലൂടെ തൊഴിൽ സജ്ജരാക്കും. തുടർന്ന് വിവിധ തൊഴിലുകളിൽ എത്തിക്കും.
നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ നിലവിൽ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 300ൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാണ്. സ്വകാര്യ തൊഴിൽ ദാതാക്കളുമായി കൈകോർത്ത് ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെ മേഖലകൾ തരംതിരിച്ചാണ് തൊഴിലവസരങ്ങൾ ഒരുക്കുക.