ബജറ്റ് ടൂറിസം വിഭാഗം പ്രവർത്തനം പുനരാരംഭിച്ചു
1454080
Wednesday, September 18, 2024 5:25 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം പ്രകൃതിദുരന്തത്തിനുശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി കെഎസ്ആർടിസി ബജറ്റ് ടൂറിസം വിഭാഗം പ്രവർത്തനം പുനരാരംഭിച്ചു. കഴിഞ്ഞദിവസം കണ്ണൂരിൽനിന്നു 30ൽ അധികം സഞ്ചാരികളുമായി കെഎസ്ആർടിസി ബസ് ജി
ല്ലയിലെത്തി.
ഉരുൾപൊട്ടലിനെത്തുടർന്ന് മാസത്തിലധികമായി കെഎസ്ആർടിസി ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകൾ നിർത്തിവച്ചിരിക്കയായിരുന്നു. പൂക്കോട് തടാകം, ബീ ക്രാഫ്റ്റ് ഹണി മ്യൂസിയം, എൻ ഊര് ഗോത്ര പൈതൃക ഗ്രാമം എന്നിവിടങ്ങൾ സന്ദർശിച്ചശേഷമായിരുന്നു സഞ്ചാരികളുടെ മടക്കം.സഞ്ചാരികൾക്കും ബസ് ജീവനക്കാർക്കും വൈത്തിരി ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തിൽ സ്വീകരണം നൽകി.
ഡ്രൈവർ രാജനെയും കണ്ടക്ടർ സ്വപ്നയെയും ഹണി മ്യൂസിയം സ്ഥാപകൻ ഉസ്മാൻ മദാരി ഷാൾ അണിയിച്ചു. കെഎസ്ആർടിസി ടൂറിസം വിഭാഗം സോണൽ കോ ഓർഡിനേറ്റർ സി.ഡി. വർഗീസ്, ജില്ലാ കോ ഓർഡിനേറ്റർ ആർ. റൈജു, വയനാട് ടൂറിസം അസോസിയേഷൻ ചെയർമാൻ കെ.പി, സെയ്തലവി തുടങ്ങിയവർ പങ്കെടുത്തു.
സഞ്ചാരികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. ടൂറിസം മേഖലയ്ക്ക് പ്രാമുഖ്യം നൽകി കൂടുതൽ ട്രിപ്പുകൾ സംഘടിപ്പിച്ചു പരമാവധി സഞ്ചാരികളെ ജില്ലയിലെത്തിക്കുമെന്നു കെഎസ്ആർടിസി ടൂറിസം വിഭാഗം സോണൽ കോ ഓർഡിനേറ്റർ പറഞ്ഞു.