കർഷകർക്ക് അന്തസോടെ ജീവിക്കാൻ സാഹചര്യമൊരുക്കണം: ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത
1453863
Tuesday, September 17, 2024 6:46 AM IST
സുൽത്താൻ ബത്തേരി: കർഷകരോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരിതാപകരമാണ് കർഷകരുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാർക്ക് അനുകൂല്യങ്ങളും ഉത്സവബത്തയും നൽകാൻ ഉത്സാഹിക്കുന്ന ഭരണാധികാരികളുടെ കർഷകരോടുള്ള സമീപനം പ്രതിഷേധാർഹമാണ്.
വയനാടിനുവേണ്ടി ലോകം മുഴുവനുള്ള മലയാളികളിൽനിന്നു സഹായം ഒഴുകുന്പോൾ അവഗണിക്കപ്പെട്ടുപോകുന്ന ജില്ലയിലെ കർഷകരുടെ അവസ്ഥയെ ഉത്തരവാദപ്പെട്ടവർ കാണാതിരിക്കുന്നതു നീതിയല്ല. 2021 മുതൽ കാലവർഷത്തിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. പല കുടുംബങ്ങളും നിത്യവൃത്തിക്ക് വഴികാണാതെ ഉഴലുകയാണ്.
സഹകരണ ബാങ്കുകളിലെ പലിശ സബ്സിഡി സർക്കാർ ഒഴിവാക്കി. വായ്പയെടുത്തവർ മുഴുവൻ പലിശയും അടയ്ക്കേണ്ട സ്ഥിതിയാണ്. കാർഷിക പ്രതിസന്ധിക്ക് മന്ത്രിമാരെ നേരിൽക്കണ്ടും നവകേരള സദസ് വഴിയും പരാതികൾ നൽകിയെങ്കിലും ഫലമില്ല. കർഷക കടാശ്വാസ കമ്മീഷൻ നോക്കുകുത്തിയായി. കർഷകരോടുള്ള ചിറ്റമ്മ നയം സർക്കാർ തിരുത്തണം. കൃഷിക്കാർക്ക് സമൂഹത്തിൽ അന്തസോടെ ജീവിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.