മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിൻ
1452734
Thursday, September 12, 2024 5:42 AM IST
കൽപ്പറ്റ: മാലിന്യ മുക്തം നവകേരളം ജനകീയ കാന്പയിൻ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെ നടത്തും.
മലിനമായ നീർച്ചാലുകൾ, പുഴകൾ, കുളങ്ങൾ, ജലസ്രോതസുകൾ എന്നിവയുടെ നവീകരണം, മാലിന്യക്കൂനകൾ നീക്കം ചെയ്ത് പൂന്തോട്ട നിർമാണം, ചുമർചിത്ര രചന, ജൈവ മാലിന്യസംസ്കരണ ഉപാധികളുടെ വിതരണം, ഹരിത അയൽക്കൂട്ടം രൂപീകരണം, ജൈവ മാലിന്യ സംസ്കരണ പൊതുസംവിധാനങ്ങൾ സ്ഥാപിക്കൽ, ഹരിത ഓഫീസ്, ഹരിത കാന്പസ്, ഹരിത വിദ്യാലയം തുടങ്ങിയ പരിപാടികൾ കാന്പയിനിന്റെ ഭാഗമായി നടത്തും. കാന്പയിനു മുന്നോടിയായി ജില്ലാതല നിർവഹണ സമിതി യോഗം എ.പി.ജെ. ഹാളിൽ ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എഡിഎം കെ. ദേവകി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഹർഷൻ, നവകേരളം കർമ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
പൊതുജനങ്ങൾ, കുടുംബശ്രീ-അയൽക്കൂട്ടം പ്രവർത്തകർ, സർവീസ്-യുവജന സംഘടനകൾ, സ്കൂൾ- കോളജ് വിദ്യാർഥികൾ, വായനശാലകൾ, ക്ലബുകൾ, പ്രാദേശിക കൂട്ടായ്മകൾ, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമുദായിക-മത സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ പങ്കാളിത്തം കാന്പയിനിൽ ഉറപ്പുവരുത്താൻ തീരുമാനിച്ചു.