പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്: ജലസേചന വകുപ്പ് 0.0167 ഹെക്ടർ വിട്ടുനൽകും
1452475
Wednesday, September 11, 2024 5:29 AM IST
കൽപ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് വികസനത്തിന് ജലസേചന വകുപ്പ് 0.0167 ഹെക്ടർ ഭൂമി വിട്ടുനൽകും. പടിഞ്ഞാറത്ത വില്ലേജിൽ സർവേ നന്പർ 242/4ൽപ്പെട്ട ഭൂമിയാണ് വിട്ടുകൊടുക്കുക.
ഇതിന് അനുമതി നൽകി കഴിഞ്ഞ ദിവസം ഉത്തരവായി. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ 2023 നവംബർ 10ന് സമർപ്പിച്ച നിവേദനവും ജലസേചന വകുപ്പ് ചീഫ് എൻജിനിയറുടെ 2024 ഓഗസ്റ്റ് ഏഴിലെ കത്തും കണക്കിലെടുത്താണ് നടപടി.
ബാണാസുരസാഗർ ജലസേചന പദ്ധതിയുടെ ഡിവിഷൻ കാര്യാലയങ്ങൾക്കു സമീപമുള്ളതാണ് റോഡിനു വിട്ടുകൊടുക്കുന്ന സ്ഥലം.
പൂഴിത്തോട് റോഡ് തുടങ്ങുന്ന ഭാഗത്ത് ജലസേചന വകുപ്പിന്റെ ഉമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ പൊളിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞവർഷം പടിഞ്ഞാറത്തറയിൽ എത്തിയപ്പോൾ പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിരുന്നു.
വയനാടിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്നതാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. ഇതിന്റെ പ്രവൃത്തി മൂന്നു പതിറ്റാണ്ടുമുന്പു തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയാക്കാനായില്ല.
റോഡിൽ ഏതാനും കിലോമീറ്റർ വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഈ ഭാഗത്ത് റോഡ് നിർമിക്കാൻ വനം മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ജലസേചന വകുപ്പ് ഭൂമി വിട്ടുനൽകിയത് ചുരം ബദൽ റോഡിനായി പരിശ്രമിക്കുന്നവരെ ആഹ്ളാദത്തിലാക്കി. വനഭൂമി വിട്ടുകിട്ടുന്നതിനു നീക്കം ഊർജിതമാക്കാനാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് കർമ സമിതി തീരുമാനം.