ജീപ്പ്, ഓട്ടോ സ്റ്റാൻഡ്: സബ് കമ്മിറ്റി പരിശോധന നടത്തി
1451373
Saturday, September 7, 2024 5:29 AM IST
മാനന്തവാടി: നഗരത്തിൽ ജീപ്പ്, ഓട്ടോ ടാക്സി സ്റ്റാൻഡുകളെക്കുറിച്ച് ഉയർന്ന പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച സബ് കമ്മിറ്റി പരിശോധന നടത്തി. മാനന്തവാടി തലശേരി റോഡിലെ ജീപ്പ് സ്റ്റാൻഡിലും മൈസൂരു റോഡിലെ ഓട്ടോ സ്റ്റാൻഡിലുമാണ് കമ്മിറ്റിയംഗങ്ങൾ എത്തിയത്.
മൈസൂരു റോഡിലെ ബാങ്ക്, വ്യാപാര സ്ഥാപങ്ങൾ എന്നിവയിലേക്ക് പോകാൻ പ്രയാസമുണ്ടാക്കുന്ന ഓട്ടോ സ്റ്റാൻഡ് ഇവിടെ നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പരാതി നൽകിയിരുന്നു. അടുത്ത ദിവസം തന്നെ യോഗം ചേർന്ന് ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും.
കാൽനടയാത്രക്കാർക്ക് കടന്ന് പോകാൻ സാധിക്കാത്ത രീതിയിലാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ മതിലിനോടു ചേർത്ത് ജീപ്പുകൾ നിർത്തിയിടുന്നത്. നടപ്പാത നിർമിച്ചശേഷം ഇതുവഴി ആൾക്കാർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. വൈകുന്നേരം ജീപ്പുകൾ ഒഴിഞ്ഞു പോകുന്പോൾ മാത്രമാണ് നടപ്പാത കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്.
ജീപ്പ്, ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ചു നടപ്പാത കാൽനടയാത്രക്കാർക്കു വിട്ടുകൊടുക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യമാണുയരുന്നത്. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതിയധ്യക്ഷരായ പി.വി.എസ്. മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.