ക്വാറികൾ നിർത്തിവയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്
1451372
Saturday, September 7, 2024 5:29 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലിയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ മേഖലാ സമിതി ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ മേഖലയിലെ ഒട്ടേറെ പ്രവർത്തികൾ മഴ മാറിയാലുടൻ ആരംഭിക്കാനിരിക്കെയാണ് അതെല്ലാം അവതാളത്തിലാക്കും വിധത്തിൽ ക്വാറി നിരോധനമെന്ന തീരുമാനം ഉണ്ടായത്.
കഴിഞ്ഞ വർഷത്തെ പ്രവൃത്തികളും പൂർത്തീകരിക്കാനുണ്ട്. മഴ ശക്തമായപ്പോൾ നിർത്തിയ പല ജോലികളും ഉടൻ ആരംഭിക്കണം. ലൈഫ് ഭവന പദ്ധതിയുടെ 400, കേന്ദ്ര ഫണ്ടിലെ 100 ഓളം വീടുകളുടെ നിർമാണം നടക്കാനുണ്. ഈ ഘട്ടത്തിൽ കരിങ്കല്ലും ക്വാറി ഉത്പന്നങ്ങളും ലഭിക്കാതായാൽ പ്രതിസന്ധി രൂക്ഷമാകുമെന്നു യോഗം ചൂണ്ടിക്കാട്ടി.
മറ്റ് ജില്ലകളിൽ നിന്ന് ആവശ്യത്തിന് സാമഗ്രികൾ ലഭിക്കാത്തതും ലഭിച്ചാൽത്തന്നെ കടത്തു കുലിയിനത്തിൽ വൻതുകയും ചെലവു വരികയും ചെയ്യും. പുൽപ്പള്ളി, മുള്ളൻകൊല്ലി, പുതാടി പഞ്ചായത്തുകളിൽ ഇപ്പോൾ കരിങ്കല്ല് ചതുരശ്രയടിക്ക് 25 രൂപ നിരക്കിൽ ലഭിക്കുന്പോൾ അയൽ ജില്ലകളിൽ നിന്നെത്തിക്കാൻ 55 രൂപയാകും.
അതിനാൽ ക്വാറികൾ നിർത്തിവയ്ക്കാനുള്ള തീരുമാനം പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു. ആന്റണി താന്നിക്കൽ, സിംസണ്‍ ചീനിക്കുഴി, കെ.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.