പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം : കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നീതി പുലർത്തിയില്ല: യുഡിഎഫ്
1451364
Saturday, September 7, 2024 5:23 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നീതി പുലർത്തിയില്ലെന്ന് യുഡിഎഫ് ജില്ലാ യോഗം ആരോപിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സന്ദർശനം നടത്തിയിട്ടും ദുരന്ത ബാധിതർക്ക് അർഹമായ സഹായം ലഭിക്കുന്നില്ല. വിദേശത്ത് പഠിക്കുന്നവരും ഉപരിപഠനം നിലച്ചതുമായ നിരവധി വിദ്യാർഥികൾ ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്. ഇവരെ പ്രത്യേകം പരിഗണിച്ച് ആവശ്യമായ സഹായം നൽകണം. ദുരന്തബാധിത കുടുംബങ്ങൾക്കുള്ള അടിയന്തര സഹായം 10 ലക്ഷം രൂപയായി വർധിപ്പിക്കണം.
ദുരന്തത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ വ്യക്തമായ കണക്ക് ശേഖരിച്ച് നഷ്ടത്തിന്റെ തോത് അനുസരിച്ച് സഹായം ലഭ്യമാക്കണം. പുഞ്ചരിമട്ടത്ത് ഇനിയും ദുരന്തസാധ്യതയുണ്ടെന്ന സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം സർക്കാർ ഗൗരവത്തിലെടുത്ത് കരുതൽ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, ടി. സിദ്ദിഖ് എംഎൽഎ, പി.കെ. ജയലക്ഷ്മി, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.കെ. വിശ്വനാഥൻ, എം.സി. സെബാസ്റ്റ്യൻ, ജോസ് തലച്ചിറ, കെ.കെ. ദാമോദരൻ, വി.എ. മജീദ് ടി.ജെ. ഐസക്, പ്രവീണ്‍ കുമാർ, ജോസഫ് കളപ്പുര, റസാഖ് കൽപ്പറ്റ, എൻ.കെ. റഷീദ്, കെ.വി. പോക്കർ ഹാജി, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, അബ്ദുള്ള മാടക്കര, ആന്റണി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.