ഓണമുണ്ണാൻ നാട്ടിലെത്തുന്ന മലയാളികൾക്ക് അമിത യാത്രനിരക്ക് ഇരുട്ടടിയായി
1451362
Saturday, September 7, 2024 5:23 AM IST
സുൽത്താൻ ബത്തേരി: ഇതരസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്ക് ഇക്കുറി ഓണമുണ്ണാൻ നാട്ടിലെത്തണമെങ്കിൽ ഇരട്ടിയും അതിലധികവും യാത്രാക്കൂലി നൽകണം. കെഎസ്ആർടിസിബസിലും ട്രെയിനിലും ഓണം കഴിയുന്നതുവരെ സീറ്റുകൾ കിട്ടാനില്ല.
സ്ഥിരമായി ബസിലും ട്രെയിനിലും വന്നുകൊണ്ടിരുന്നവർ നേരത്തേതന്നെ സീറ്റുകൾ ബുക്ക് ചെയ്തതാണ് മറ്റുള്ളവർക്ക് സീറ്റ് ലഭിക്കാത്തതിന് കാരണം. സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. മുൻകുട്ടി ടിക്കറ്റ് നിരക്കിന്റെ നിശ്ചിത ശതമാനം തുക അടച്ച് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് സീറ്റ്.
കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് പേരാണ് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ മറ്റിടങ്ങളിലായി ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം നാട്ടിലെത്തൊൻ സ്വകാര്യ, ടൂറിസ്റ്റ് ബസുകളെയോ മറ്റ് സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാഹന ഉടമകൾ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ കാരണമായി പറയുന്നത് കേരളത്തിൽ വന്ന് തിരികെ പോകുന്പോൾ ആളില്ലാതെ കാലിയായി പോകേണ്ടി വരുന്നുവെന്നാണ്.
ബസുകളിൽ മാത്രമല്ലാ വിമാനങ്ങളിലും അമിത ചാർജാണ്. ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് പ്രത്യേക ട്രെയിൻ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ബംഗളൂരു-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ചാകരക്കാലമാണ് ഓണം.
ടിക്കറ്റിന് ആവശ്യക്കാർ ഏറുന്നതോടെ നിരക്കും കുത്തനെ വർധിപ്പിക്കും. മറ്റുമാർഗമില്ലാത്ത യാത്രക്കാർ വൻതുക കൊടുത്തു ടിക്കറ്റ് എടുക്കാൻ തയാറാകും. ടിക്കറ്റ് കിട്ടാൻ സാധ്യതയില്ലാത്തതിനാൽ പലരും ബംഗളൂരുവിൽ നിന്ന് ബൈക്കുകളിലും കാറുകളിലും മറ്റുമാണ് നാട്ടിലേക്ക് എത്തുന്നത്.