അടിയന്തര സഹായം നൽകിയവരുടെ പട്ടിക പുറത്തുവിടണം: ഡിസിസി
1451065
Friday, September 6, 2024 5:25 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച 10,000 രൂപ അടിയന്തര സഹായം അർഹരായ മുഴുവൻ ആളുകൾക്കും ലഭിച്ചുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്യാന്പുകളിൽ കഴിഞ്ഞവർക്കും ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചവർക്കും അടിയന്തര സഹായത്തിന് അർഹതയുണ്ടെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയത്. ദുരന്തം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അടിയന്തര സഹായം ലഭിക്കാത്ത ദുരന്തബാധിതർ നിരവധിയാണ്. തുക നൽകിയവരുടെ പട്ടിക സർക്കാർ പുറത്തുവിടണം.
അടിയന്തര സഹായം രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കണം. വാടകവീടുകളിലേക്ക് മാറിയവർക്ക് ഗൃഹോപകരണങ്ങൾ നൽകുന്നത് ഉടൻ പൂർത്തിയാക്കണം. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ദിവസം 300 രൂപ ജീവിതച്ചെലവ് നൽകുന്നത് സ്ഥിരം പുനരധിവാസം നടക്കുന്നതുവരെ തുടരണം. സ്ഥിരം പുനരധിവാസം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഒ.വി. അപ്പച്ചൻ, സംഷാദ് മരക്കാർ, എം.ജി. ബിജു, ബിനു തോമസ്, പി.ഡി. സജി, എൻ.സി. കൃഷ്ണകുമാർ, എച്ച്.ബി. പ്രദീപ്, ഡി.പി. രാജശേഖരൻ, ബീന ജോസ്, ജി. വിജയമ്മ, പി. ശോഭനകുമാരി, ചിന്നമ്മ ജോസ്, ഒ.ആർ. രഘു, മോയിൻ കടവൻ, പി. വിനോദ്കുമാർ, എക്കണ്ടി മൊയ്തൂട്ടി, കമ്മന മോഹനൻ, പി.വി. ജോർജ്, സിൽവി തോമസ്, ആർ. രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.