പോലീസ് നടപടി: യൂത്ത് കോണ്ഗ്രസ് പ്രകടനം നടത്തി
1451064
Friday, September 6, 2024 5:25 AM IST
മീനങ്ങാടി: യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മീനങ്ങാടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെയും എഡിജിപിയുടെയും നേതൃത്വത്തിൽ ഉള്ള അധോലോക സംഘമാണ് കേരളത്തിൽ ഭരണം കൈയാളുന്നതെന്ന് മീനങ്ങാടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ആരോപിച്ചു. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.
കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. വി.എം. വിശ്വനാഥൻ, ബേബി വർഗീസ്, ശിവരാമൻ മാതമൂല, അനീഷ് റാട്ടക്കുണ്ട്, അബ്ദുസ്സലാം, കെ.ആർ. ഭാസ്കരൻ, ബിജു സുന്ദരൻ, ഉഷാരാജേന്ദ്രൻ, ബിന്ദു മോഹൻ, റെജീന കാര്യന്പാടി, ജസ്റ്റിൻ ജോഷോ, ജിബിൻ നൈനാൻ, എം.വൈ. യോഹന്നാൻ, പി.ജി. സുനിൽ, എൻ.ആർ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: തിരുവനന്തപുരത്തെ യൂത്ത് കോണ്ഗ്രസ് മാർച്ചിന് നേരെയുള്ള പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ കോണ്ഗ്രസ് പ്രകടനം നടത്തി. ഭരണ പരാജയങ്ങളും ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും വഴിവിട്ട നീക്കങ്ങളും പിണറായി വിജയന്റെ നേതൃത്വത്തിൽ മൂടിവയ്ക്കുന്നതിനുവേണ്ടി കേരളത്തിൽ പോലീസ് ഭീകരത അഴിച്ചുവിട്ടാൽ കെെയും കെട്ടി നോക്കി നിൽക്കില്ലെന്ന് പ്രതിഷേധയോഗം മുന്നറിയിപ്പ് നൽകി. എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു.
സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. ഷിബു കെ. ജോർജ്, പി.എം. ബെന്നി, സി.എച്ച്. സുഹൈർ, കെ.വി. ഷിനോജ്, എം.പി. ശശികുമാർ, ഹംസ പഞ്ചാരക്കൊല്ലി, പെരുന്പിൽ അപ്പച്ചൻ, സജി കൂട്ടുങ്ങൽ, അൻഷാദ് മാട്ടുമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
കൽപ്പറ്റ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേതൃത്വം നൽകിയ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും വൈസ് പ്രസിഡന്റ് അബിൻ വർക്കിയെയും ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര, രമ്യ ജയപ്രസാദ്, അർജുൻ ദാസ്, സുനീർ ഇത്തിക്കൽ, പി.പി. ഷംസുദ്ദീൻ, ഫാത്തിമ സുഹറ, എൻ.കെ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.