പെരിങ്കോടയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരിയിൽ
1451060
Friday, September 6, 2024 5:25 AM IST
കൽപ്പറ്റ: പൊഴുതന പെരിങ്കോട ലേബർ ക്ലബ് ജനുവരിയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും. ജീവകാരുണ്യ രംഗത്ത് ക്ലബ് പത്താം വർഷത്തേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ സി.എച്ച്. മമ്മി, കെ.ജെ. ജോണ്, യു. മുജീബ് റഹ്മാൻ, ഇ. ഷാജി, കെ. ഷിഹാബ്, ഹനീഫ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ പ്രമുഖ സെവൻസ് ഫുട്ബോൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് പെരിങ്കോടയിൽ സജ്ജമാക്കുന്ന ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് നടത്തുക. ഒരേ സമരം 7,000 പേർക്ക് കളി കാണാൻ സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ടാകും.
ടൂർണമെന്റ് നടത്തിപ്പിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഭാഗം പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത ബാധിത കുടുംബങ്ങളിൽനിന്നുള്ള അഞ്ച് യുവതികളുടെ വിവാഹച്ചെലവിലേക്ക് നൽകും. മാരകരോഗങ്ങൾമൂലം കഷ്ടതയനുഭവിക്കുന്ന നിർധനരെ സഹായിക്കാനും ലാഭവിഹിതം ഉപയോഗപ്പെടുത്തും.
1970ൽ പ്രവർത്തനം തുടങ്ങിയതാണ് പെരിങ്കോട ലേബർ ക്ലബ്. 1980 മുതൽ വർഷംതോറും ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിനു ധനശേഖരണം ലക്ഷ്യമിട്ട് 2015 മുതലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യമായാണ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പെരിങ്കോടയിൽ വേദി ഒരുങ്ങുന്നത്.