സിനിമ തിയറ്ററുകളിൽ പ്രേക്ഷകർ കുറയുന്നു
1450781
Thursday, September 5, 2024 5:15 AM IST
സുൽത്താൻ ബത്തേരി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം സിനിമ രംഗത്തെ പല പ്രമുഖർക്കുമെതിരേ ഉയർന്ന ആരോപണത്തിന് പിന്നാലെ തിയറ്ററുകളിൽ സിനിമാ പ്രേമികളുടെ എണ്ണത്തിലും കുറവ്. ഫെബ്രുവരി മുതൽ മേയ് വരെയായി സിനിമ തിയറ്ററുകളിൽ അത്യാവശ്യം നല്ല പ്രേക്ഷകരുണ്ടായിരുന്നു.
ജൂണ്‍ മുതൽ തിയറ്ററുകളിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടു. ജൂലൈ 30 നുണ്ടായ വയനാട് ദുരന്തത്തോടെ പ്രക്ഷേകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. അതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും പ്രമുഖ താരങ്ങൾക്കെതിരേയുള്ള ആരോപണവും പുറത്തുവന്നത്.
ഇതോടെ തിയറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്ക് കുറഞ്ഞു. ആളില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം ജില്ലയില ചില തിയറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവയ്ക്കേണ്ടി വന്നു. പ്രേക്ഷകരിൽ കുറവ് വന്നുവെന്ന് തിയറ്റർ ഉടമകൾ പറയുന്പോഴും നല്ല സിനിമകൾ റിലീസിംഗിനെത്താത്തതാണ് ആള് കുറയാൻ കാരണമെന്നും ഇവർ വ്യക്തമാക്കി.
സിനിമ മേഖലയിലെ ചുരുക്കം ചിലർ ചെയ്ത പ്രവർത്തികൾക്ക് ആ മേഖലയെ അടച്ചാക്ഷേപിക്കുകയും മേഖലയെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന വിധമുള്ള പ്രവർത്തനങ്ങൾ ശരിയല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.