ഉരുൾപൊട്ടൽ: ടി. സിദ്ദിഖ് എംഎൽഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി
1443953
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി. ദുരന്തത്തിനു ഇരകളായവരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നതാണ് നിവേദനത്തിലെ മുഖ്യ ആവശ്യം. ഇരകളുടെ മാനസികവും ശാരീരികവും സാന്പത്തികവുമായ ഉന്നമനത്തിനുള്ള പദ്ധതികൾ ഉൾപ്പെടുന്നതാകണം പാക്കേജ്.
പുനരധിവാസം സമയബന്ധിതമായി നടപ്പാക്കണം. ദേശീയദുരന്തമായി പ്രഖ്യാപിക്കേണ്ട ഏറ്റവും ഗൗരവതരമായ പ്രകൃതി ദുരന്തമാണ് ജില്ലയിൽ സംഭവിച്ചത്. ഉരുൾപൊട്ടലിൽ 400ൽ അധികം ആളുകൾ മരിച്ചു.
130 ഓളം പേരെ കാണാതായി. 500ലധികം വീടുകൾ തകർന്നു. നൂറുകണക്കിനു ഹെക്ടർ കൃഷിഭൂമി നശിച്ചു. നിരവധി കടകൾ ഇല്ലാതായി. നൂറുകണക്കിന് ആളുകൾക്ക് ജീവനോപാധി നഷ്ടമായി. ചൂരൽമല ടൗണിലെ ക്ഷേത്രം, മുണ്ടക്കൈ എൽപി സ്കൂൾ, വെള്ളാർമല ജിവിഎച്ച്എസ്എസ് എന്നിവയുടെ കെട്ടിടങ്ങളും ചൂരൽമല പാലവും പൂർണമായും തകർന്നു.
കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മതിയായ മുന്നറിയിപ്പ് നൽകുന്നതിന് ഫലപ്രദവും ആധികാരികവുമായ സംവിധാനം ഉണ്ടാകണം. ദുരന്തസാധ്യതയുള്ള മേഖലയായി മാറുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉറപ്പുവരുത്തണം. ജില്ലയിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. നഷ്ടപ്പെട്ട എല്ലാ രേഖകളും ദുരന്തബാധിതർക്ക് ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഇടപെടൽ ഉണ്ടാകണം.
ഇരകളുടെ കാർഷിക, ഭവന, വാഹന, വിദ്യാഭ്യാസ വായ്പ, ബിസിനസ്, വ്യക്തിഗത വായ്പകൾ എഴുതിത്തള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.