ആനടിക്കാപ്പിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു
1443952
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടത്ത് ജൂലൈ 30ന് പൊട്ടിയ ഉരുൾ ഒഴുകിയതിൽപ്പെട്ട സൂചിപ്പാറ-കാന്തൻപാറ മേഖലയിൽ ആനടിക്കാപ്പിനടുത്ത് വെള്ളിയാഴ്ച കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഒൻപതരയോടെ എയർലിഫ്റ്റ് ചെയ്തു.
സുൽത്താൻബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറക്കിയ മൃതദേഹങ്ങൾ ആംബുലൻസുകളിൽ മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
പിപിഇ കിറ്റ് ഉൾപ്പെടെ സാമഗ്രികളുടെ ഇല്ലാതിരുന്നതിനാലാണ് മൃതദേഹങ്ങൾ കണ്ടെത്തിയ ദിവസംതന്നെ എയർലിഫ്റ്റ് ചെയ്യാതിരുന്നത്. പ്രദേശത്തുകണ്ട ശരീരഭാഗം ഇന്ന് പുറത്ത് എത്തിക്കും.
സമയപരിമിതിയും ചതുപ്പുനിറഞ്ഞ ദുർഘട പ്രദേശവുമായതാണ് ശരീരഭാഗം ഇന്നലെ എയർ ലിഫ്റ്റ് ചെയ്യാതിരുന്നതിനു കാരണം. തെരച്ചിലിനിടെ സന്നദ്ധ പ്രവർത്തകരാണ് ജീർണിച്ച നിലയിൽ മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്. ശരീരഭാഗം കുട്ടിയുടേതാണെന്നാണ് അനുമാനം.