അതിവേഗം അതിജീവനം: സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ കാന്പയിന് തുടക്കമായി
1443663
Saturday, August 10, 2024 5:42 AM IST
കൽപ്പറ്റ: ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ട ചൂരൽമലയിലെ പൂങ്കാട്ടിൽ മുനീറക്ക് പുതിയ ആധാർ കാർഡ് ലഭ്യമാക്കി സർട്ടിഫിക്കറ്റ് കാന്പയിന് തുടക്കമായി. മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടലിൽ വിവിധ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് പകരം രേഖകൾ നൽകാൻ ദുരിതാശ്വാസ ക്യാന്പുകളിൽ ഒരുക്കിയ സർട്ടിഫിക്കറ്റ് കാന്പയിനിന്റെ ആദ്യ ദിനത്തിൽ 265 പേർക്കായി 636 അവശ്യ സേവന രേഖകൾ വിതരണം ചെയ്തു.
അവശ്യ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ വീണ്ടെടുക്കാൻ അവസരം ഒരുക്കുകയാണ് കാന്പയിനിന്റെ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെയും ഐടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാന്പുകളിലായി കാന്പയിൻ ആരംഭിച്ചത്. മേപ്പാടി ഗവ. ഹൈസ്കൂൾ, മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂൾ, മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ, മേപ്പാടി മൗണ്ട് താബോർ സ്കൂൾ, കോട്ടനാട് ഗവ. യുപി സ്കൂൾ,
കൽപ്പറ്റ എസ്ഡിഎംഎൽപി സ്കൂൾ, കൽപ്പറ്റ ഡിപോൾ പബ്ലിക് സ്കൂൾ, ഡബ്ല്യുഎംഒ കോളജ് മുട്ടിൽ, ചുണ്ടേൽ ആർസിഎൽപി സ്കൂൾ, അരപ്പറ്റ സിഎം സ്കൂൾ, റിപ്പണ് ഗവ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാന്പുകളിൽ വച്ചായിരുന്നു രേഖകൾ എടുത്തുനൽകിയത്. സർട്ടിഫിക്കറ്റ് കാന്പയിൻ ഇന്നും തുടരും.
റേഷൻആധാർ കാർഡുകൾ, ബാങ്ക് പാസ് ബുക്ക്, വോട്ടർ ഐഡി, പാൻ കാർഡ്, ആരോഗ്യ ഇൻഷ്വറൻസ്, മോട്ടോർ വാഹന ഇൻഷ്വറൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഇ ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റ്, ജനനമരണവിവാഹ സർട്ടിഫിക്കറ്റുകൾ, പെൻഷൻ മസ്റ്ററിംഗ് തുടങ്ങി 15 ഓളം പ്രാഥമിക രേഖകളാണ് ഒന്നാംഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
ക്യാന്പുകൾക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവരും ക്യാന്പുകളിൽ എത്തിയാൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. കാന്പയിന്റെ രണ്ടാം ഘട്ടത്തിൽ സ്കൂൾ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് തുടങ്ങി മറ്റ് രേഖകൾ ലഭ്യമാക്കും. സംസ്ഥാന ഐടി മിഷനോടൊപ്പം ബിഎസ്എൻഎൽ, കെഎസ്ഇബി, അക്ഷയ, വിവിധ വകുപ്പുകൾ എന്നിവ സഹകരിച്ചാണ് കാന്പയിൻ സംഘടിപ്പിക്കുന്നത്.
ക്യാന്പുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിലോക്കർ സംവിധാനവും ഒരുക്കുമെന്ന് ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്. നിവേദ് പറഞ്ഞു.