നൂറോളം ഇതര സംസ്ഥാനത്തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങി
1443359
Friday, August 9, 2024 5:35 AM IST
കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മുണ്ടക്കൈയില്‍നിന്നു റിപ്പണ്‍ ഗവ.ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ ഇതര സംസ്ഥാനത്തൊഴിലാളികളില്‍ നൂറോളം പേര് സ്വദേശങ്ങളിലേക്ക് മടങ്ങി. ഇവര്‍ക്ക് ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ താത്കാലിക തൊഴിലാളികളായിരുന്നവരാണ് നാടുകളിലേക്ക് മടങ്ങിയത്.
കഴിഞ്ഞ നാലിന് ക്യാമ്പ് അവലോകന യോഗത്തില്‍ നാടുകളിലേക്ക് മടങ്ങുന്നതില്‍ അതിഥി തൊഴിലാളികള്‍ താത്പര്യം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടി. സിദ്ദിഖ് എംഎല്‍എ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി വിഷയം പരിശോധിക്കുന്നതിന് റീജിയണല്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തി.
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അതിഥി തൊഴിലാളികളുടെ സ്വദേശങ്ങളിലേക്കുള്ള മടക്കത്തില്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. നാടുകളിലേക്ക് പോകുന്നതില്‍ അധികവും മധ്യപ്രദേശിലെ ഗുണ സ്വദേശികളാണ്. രാവിലെ 11ന് കെഎസ്ആര്‍ടിസി ബസുകളിലാണ് തൊഴിലാളികളെ യാത്രയാക്കിയത്.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്, വൈസ് പ്രസിഡന്റ് ഷൈബാന് സലാം, എ.കെ. റഫീഖ്, ആര്. ഉണ്ണിക്കൃഷ്ണന്, കെ.കെ. സാജിത, ക്യാമ്പ് ഓഫീസര്‍ ലൈജു ചാക്കോ, ഹെഡ്മിസ്ട്രസ് ഷേര്‍ലി മാത്യു, എച്ച്എംഎല്‍ അരപ്പറ്റ ഡിവിഷന് മാനേജര്‍ ഏബ്രഹാം തുടങ്ങിയവർ എന്നിവര്‍ സന്നിഹിതരായിരുന്നു.