കണ്ണീര് ദൗത്യം കഴിഞ്ഞു: ഇനി അതിജീവനത്തിന്റെ നാളുകൾ
1443352
Friday, August 9, 2024 5:35 AM IST
ഉരുൾപൊട്ടൽ: പുനരധിവാസം മൂന്ന് ഘട്ടങ്ങളായി
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. ക്യാന്പുകളിൽ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്ന ഒന്നാംഘട്ടത്തിൽ താത്പര്യമുള്ളവർക്ക് ബന്ധുവീടുകളിലേക്ക് മാറാൻ സൗകര്യമൊരുക്കും. മറ്റുള്ളവർക്ക് വാടകവീടുകളോ മറ്റുസൗകര്യങ്ങളോ സർക്കാർ ചെലവിൽ കണ്ടെത്തി നൽകും.
ഇതിനു തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. താത്കാലിക പുനരധിവാസത്തിന് സർക്കാർ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുൻപുള്ള ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തിൽ നടപ്പാക്കുക.
ഇതിനു യോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഫ്രീ ഫാബ് സംവിധാനം ഒരുക്കും. ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിൽ പ്രാവർത്തികമാക്കും. ക്യാന്പുകളിൽ കഴിയുന്നവരിൽ ആവശ്യമുള്ളവർക്ക് കൗണ്‍സലിംഗ് നൽകുന്നുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർക്കും.
പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി വ്യത്യസ്ത ടീമുകൾ ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലാണ്. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികൾ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയിൽ കണ്‍സർവേഷൻ, ഹസാഡ് അനലിസ്റ്റ് എന്നീ വിഭാഗങ്ങളിൽനിന്നുള്ളവർ സംഘത്തിൽ ഉണ്ടാകും.
ദുരന്തബാധിതരുടെ ഇൻഷ്വറൻസ് ക്ലെയിമുകൾ; സഹായം നൽകാൻ ടാസ്ക് ഫോഴ്സ്
കൽപ്പറ്റ: ഉരുൾപൊട്ടലിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇൻഷ്വറൻസ് ക്ലെയിമുകൾ നേടിയെടുക്കുന്ന കാര്യത്തിൽ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർ കെ. ഗോപിനാഥ് ചെയർമാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി. അർഹമായ ക്ലെയിമുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളാണ് പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക.
ഇതിനായി വിവിധ വകുപ്പുകളുമായി ചേർന്ന് വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവർ എടുത്തിട്ടുള്ള ഇൻഷ്വറൻസ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിനായി തയാറാക്കും. ദുരന്തത്തിനിരയായവരുടെ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന ബന്ധുക്കൾ, ഇൻഷ്വറൻസ് പദ്ധതികൾ നടപ്പാക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യ ഇൻഷ്വറൻസ് കന്പനികൾ,
സ്ഥാപനങ്ങൾ, ഏജൻസികൾ, ഇൻഷ്വറൻസ് ഏജന്റുമാർ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ ശേഖരിക്കുക. ഗ്രാമപഞ്ചായത്തുകൾ, വില്ലേജ് ഓഫീസുകൾ എന്നിവയുടെ സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും.
ലൈഫ് പോളിസികൾ, വാഹനങ്ങൾ, വീട്, കൃഷി, മൃഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇൻഷ്വറൻസുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടെത്തും. തുടർന്ന് ഇൻഷ്വറൻസ് ക്ലെയിമുകൾക്ക് അർഹതയുള്ളവരുടെ പട്ടിക തയാറാക്കും. ശേഖരിച്ച വിവരങ്ങൾ സംസ്ഥാനതല നോഡൽ ഓഫീസർ മുഖേന നടപടികൾക്കായി കൈമാറും.
ലീഡ് ബാങ്ക് ജില്ലാ മാനേജർ, വ്യവസായ കേന്ദ്രം ജില്ലാ മാനേജർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ, എന്നിവർ ടാസ്ക് ഫോഴ്സിൽ അംഗങ്ങളാണ്. സിവിൽ സ്റ്റേഷൻ ആസൂത്രണ ഭവൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സാന്പത്തിക സ്ഥിതിവിവരണ കണക്ക് വിഭാഗം ഓഫീസ് കേന്ദ്രീകരിച്ചാണ് ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം. ഫോണ്‍: 7012022929, 6238694256.
ഫോട്ടോ : ചൂരൽമല രക്ഷാപ്രവർത്തനത്തിനുശേഷം തിരിച്ചു പോകുന്ന സൈനികർക്ക് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ്.