കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ വയനാട്
1438517
Tuesday, July 23, 2024 8:22 AM IST
കൽപ്പറ്റ: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കേ പ്രതീക്ഷയോടെ വയനാട്. നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതിക്കു കേന്ദ്ര ബജറ്റിൽ വിഹിതം ഉണ്ടാകുമെന്നു കരുതുന്നവർ ജില്ലയിൽ നിരവധി.
വയനാടിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന റെയിൽ പദ്ധതി പ്രാവർത്തികമാക്കുന്നതിനു ബജറ്റിൽ തുക വകയിരുത്തുന്നതിന് നീലഗിരി, വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി രണ്ടാം മോദി സർക്കാരിന്റെ കാലത്തും മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെയും ധനമന്ത്രിക്കു നിവേദനം നൽകിയിരുന്നു. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മലബാർ ഡവലപ്മെന്റ് കൗണ്‍സിൽ ചെയർമാൻ സി.ഇ. ചാക്കുണ്ണിയും നീലഗിരി, വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി കണ്‍വീനർ ടി.എം. റഷീദും സംയുക്തമായി നേരത്തേ ഗവർണർ ആരിഫ് മുഹമ്മദ്ഖാനു കത്ത് നൽകിയിരുന്നു.
വിഷയം കേന്ദ്ര റെയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ഇവർക്ക് ഗവർണർ ഉറപ്പുനൽകുകയുണ്ടായി. ഇതും ജില്ലയിലുള്ളവരുടെ റെയിൽ മോഹത്തിനു തിളക്കം കൂട്ടുകയാണ്. 2016ലെ സംസ്ഥാന ബജറ്റിൽ നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതി പ്രഖ്യാപിച്ച് ടോക്കണ്‍ വിഹിതം അനുവദിച്ചിരുന്നു. പ്രത്യേക ഹെഡ്ഓഫ് അക്കൗണ്ടും തുറന്നു. അതേവർഷം പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുകയും പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീട് ദീർഘകാലം പദ്ധതി പ്രവർത്തനങ്ങൾ തടസപ്പെട്ടു.
കേരളത്തിൽനിന്നു മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള യാത്രാസമയത്തിൽ വലിയ കുറവ് വരുത്തുന്ന നിലന്പൂർ-നഞ്ചൻഗോഡ് റെയിൽ പാത സംയുക്ത സംരഭമായി യാഥാർഥ്യമാക്കുന്നതിന് 2015ൽ കേന്ദ്ര, കേരള സർക്കാരുകൾ കരാർ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതിക്കു കേന്ദ്രാനുമതിയായത്.
പദ്ധതിക്ക് 3,000 കോടി രൂപയാണ് കേന്ദ്ര വിഹിതം കണക്കാക്കിയത്. പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ അനുവാദം നൽകിയിരുന്നു. ഇതനുസരിച്ച് സംസ്ഥാന സർക്കാർ ഡിപിആർ തയാറാക്കുന്നതിന് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ(ഡിഎംആർസി) ചുമതലപ്പെടുത്തി. ഡോ.ഇ. ശ്രീധരനായിരുന്നു അക്കാലത്ത് ഡിഎംആർസിയുടെ തലപ്പത്ത്. കേരളത്തിലെയും കർണാടകയിലെയും വനപ്രദേശങ്ങളിൽ പാത ടണൽ വഴി കടന്നുപോകുന്ന അലൈൻമെന്റാണ് ഡിഎംആർസി തയാറാക്കിയത്. അഞ്ചു വർഷത്തിനകം പാത നിർമാണംപൂർത്തിയാക്കാൻ കഴിയുമെന്ന് ഡോ.ഇ. ശ്രീധരൻ 2018ൽ വയനാട്ടിൽ പറഞ്ഞു. എന്നാൽ ഡിപിആർ തയാറാക്കാൻ ഡിഎംആർസിക്കു കഴിഞ്ഞില്ല. സംസ്ഥാന സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കാതിരുന്നതാണ് ഇതിനു കാരണമായത്.
റെയിൽ പദ്ധതിയുടെ ഡിപിആറും അന്തിമ സ്ഥലനിർണയ സർവേയും നേരിട്ടുനടത്താൻ റയിൽവേ ബോർഡ് സമീപകാലത്താണ് തീരുമാനിച്ചത്. ഇതിനു 5.9 കോടി രൂപയും അനുവദിക്കുകയുണ്ടായി. ഫണ്ട് ലഭ്യമാകുകയും കർണാടക സർക്കാർ സഹകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് അന്തിമ സ്ഥല നിർണയ സർവേയും ഉപഗ്രഹ ലിഡാർ സർവേയും റെയിൽ മന്ത്രാലയം പൂർത്തിയാക്കിയത്. റെയിൽ കോഡിനു അനുസൃതമായി ഡിപിആർ തയാറാക്കുന്നതിനു നടപടികൾ അന്തിമഘട്ടത്തിലാണ്. കർണാടയിലെ ബന്ദിപ്പുര വനത്തിലും പരിസ്ഥിതി സംവേദക മേഖലകളിലും പാത പൂർണമായും തുരങ്കത്തിലൂടെ കടന്നുപോകുന്ന അലൈൻമെന്റാണ് തയാറാകുന്നത്.
കേന്ദ്ര ബജറ്റിൽ തുക അനുവദിക്കുന്ന പക്ഷം വയനാടിന്റെ റെയിൽ സ്വപ്നം യാഥാർഥ്യമാകുമെന്ന് നീലഗിരി, വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒന്നിച്ച് റെയിൽവേ മന്ത്രി സുരേഷ്പ്രഭുവിനെ സന്ദർശിച്ച് രേഖാമൂലം ഉറപ്പുനൽകിയിരുന്നതായി അവർ ചൂണ്ടിക്കാട്ടി.