മെഡിക്കൽ കോളജ് ആശുപത്രിയിലെ വാൾ മാഗസിൻ ശ്രദ്ധേയമായി
1437763
Sunday, July 21, 2024 5:44 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ അക്ഷരം വാൾ മാഗസിൻ ശ്രദ്ധേയമായി. നഴ്സിംഗ് സൂപ്രണ്ട് ഓഫീസിന് മുന്നിലാണ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള വാൾ മാഗസിൻ.
രാഗേഷ് പി. സുന്ദർ, പി.എം. ജോസഫ്, ബോബി ജോസഫ് എന്നിവർ നയിക്കുന്ന ഏഴംഗ എഡിറ്റോറിയിൽ ബോർഡാണ് മാഗസിൻ ഉള്ളടക്കം നിയന്ത്രിക്കുന്നത്.
മാഗസിനിൽ ഓരോ മാസവും ഓരോ വിഷയം ആസ്പദിച്ച് ജീവനക്കാർ തയാറാക്കുന്ന സൃഷ്ടികളാണ് ചേർക്കുക. മഴ എന്ന വിഷയത്തിലെ സൃഷ്ടികളാണ് ആദ്യ മാസം ഉൾപ്പെടുത്തിയത്. ബോബി ജോസഫ്, ഷീജ ആലപ്പാട്ട്, കെ. ശ്രീലേഷ്, പി.കെ. ഷൈല എന്നിവരുടെ കവിതകളും പി.എം. ജോസഫിന്റെ ഓർമക്കുറിപ്പും മാഗസിനിൽ ഉണ്ട്.
വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടറും കവിയുമായ സാദിർ തലപ്പുഴ മാഗസിൻ പ്രകാശനം നിർവഹിച്ചു. ജോലിത്തിരക്കിനിടയിലും അക്ഷരങ്ങളെ സ്നേഹിക്കുന്ന ജീവനക്കാർക്ക് മാഗസിൻ സാഹിത്യ പ്രവർത്തനത്തിനു പ്രചോദനമായി.