കന്പളക്കാട് ടൗണ്‍ സൗന്ദര്യവത്കരണം: ധനസമാഹരണം വിവാദമായി
1437248
Friday, July 19, 2024 5:04 AM IST
കൽപ്പറ്റ: കന്പളക്കാട് ടൗണ്‍ സൗന്ദര്യവത്കരണത്തിനു കണിയാന്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വ്യാപാരികൾക്കടക്കം കത്ത് നൽകി ധനസമാഹരണം നടത്തുന്നത് വിവാദമായി. പൂച്ചട്ടികളും ചെടികളും വാങ്ങുന്നതിന് സാന്പത്തിക സഹായം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചാണ് വൈസ് പ്രസിഡന്റിന്റെ കത്ത്. ഇതിനെതിരേ സിപിഎം കണിയാന്പറ്റ ലോക്കൽ കമ്മിറ്റി രംഗത്തുവന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് വൈസ് പ്രസിഡന്റിന്റെ ധനസമാഹരണമെന്നും ഇത് അഴിമതിയാണെന്നും സിപിഎം കണിയാന്പറ്റ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഇബ്രാഹിം, കമ്മിറ്റിയംഗങ്ങളായ എം. മുഹമ്മദ്, എം.എം. ഷൈജൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സർക്കാർ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് കന്പളക്കാട് ടൗണ്‍ നവീകരിച്ചിരുന്നു. ഫുട്പാത്ത് മെച്ചപ്പെടുത്തൽ, കൈവരി പിടിപ്പിക്കൽ, തെരുവുവിളക്ക് സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ നടത്തി.
സൗന്ദര്യവത്കരണത്തിന് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൈവരിയിൽ ഇടവിട്ടും കച്ചവടസ്ഥാപനങ്ങൾക്കു മുന്നിലും പൂച്ചെടികൾ സ്ഥാപിച്ചു. എന്നിരിക്കെയാണ് പൂച്ചട്ടികളുടെയും ചെടികളുടെയും പേരിൽ വൈസ് പ്രസിഡന്റിന്റെ പിരിവ്.
ടൗണ്‍ സൗന്ദര്യവത്കരണത്തിനു പിരിവെടുക്കുന്നതിൽ വാർഡ് വികസന സമിതി, ടൗണ്‍ വികസന സമിതി എന്നിവയുമായും വൈസ് പ്രസിഡന്റ് കൂടിയാലോചന നടത്തിയില്ല. യുഡിഎഫ് ഭരണസമിതി ആദ്യമായല്ല പണപ്പിരിവ് നടത്തുന്നത്. ആംബുലൻസ് വാങ്ങുന്നതിന് സ്ഥാപനങ്ങളിൽനിന്നു ഫണ്ട് കണ്ടെത്താൻ ഭരണസമിതി തീരുമാനിച്ചിരുന്നു.
ആംബുലൻസിനുള്ള പണം കൊച്ചിൻ ഷിപ്പ് യാർഡും കൈരളി ടിഎംടിയും നൽകി. ഇക്കാര്യം മറച്ചുവച്ച് അന്നത്തെ വൈസ് പ്രസിഡന്റിന്റെ പേരിൽ അക്കൗണ്ട് തുടങ്ങി ധനസമാഹരണം നടത്തി. സമൂഹിക മാധ്യമങ്ങളെയും പിരിവിന് ഉപയോഗപ്പെടുത്തി. ഇതു സംബന്ധിച്ച് വിജിലൻസ് കേസ് നിലവിലുണ്ട്.
ഭരണസമിതി തോന്നുംപോലെയാണ് കാര്യങ്ങൾ ചെയ്യുന്നത്. ട്രാഫിക് പരിഷ്കരണത്തിന്റെ പേരിൽ നാലുമാസം മുൻപ് കന്പളക്കാട് ടൗണിൽ ബോർഡുകൾ വച്ചു. എന്നാൽ പരിഷ്കരണം നടപ്പാക്കിയില്ല. മുൻപ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുകയാണ്. ടൗണിൽ മാലിന്യ ശേഖരണം നിലച്ചിട്ട് മാസങ്ങളായെന്നും സിപിഎം ഭാരവാഹികൾ കുറ്റപ്പെടുത്തി.