കൈനാട്ടി സ്പായിൽ പോലീസ് റെയ്ഡ്: എംഡിഎംഎ സഹിതം രണ്ടുപേർ പിടിയിൽ
1437244
Friday, July 19, 2024 5:04 AM IST
കൽപ്പറ്റ: കൈനാട്ടിക്കു സമീപം സ്പായിൽ പോലീസ് നടത്തിയ പരിശോധനയിൽ 3.88 ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 91,000 രൂപ, പോക്കറ്റ് ത്രാസ്, ട്രാൻസ്പരന്റ് പ്ലാസ്റ്റിക് കവറുകൾ എന്നിവ പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓമശേരി പടിഞ്ഞാറെതൊടുക മുഹമ്മദ് റാഷിദ്(34), മുക്കം പറങ്ങോട്ടിൽ മുസ്തഫ(40) എന്നിവരെ അറസ്റ്റുചെയ്തു. എംഡിഎംഎ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എ.യു.
ജയപ്രകാശ്, എസ്ഐമാരായ ടി. അനീഷ്, പി.സി. റോയ് പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധി, ജയേഷ്, സിവിൽ പോലീസ് ഓഫീസർ ടി. അനസ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം സ്പായിൽ പരിശോധന നടത്തിയത്.
സഞ്ചാരികളെ ഹോംസ്റ്റേകളിലും മറ്റും എത്തിക്കുന്ന ഇടനിലക്കാരനാണ് മുഹമ്മദ് റാഷിദ്. സഞ്ചാരികൾ ആവശ്യപ്പെടുന്നമുറയ്ക്ക് അടിവാരത്തുപോയാണ് ഇയാൾ മയക്കുമരുന്ന് വാങ്ങുന്നത്.
മയക്കുമരുന്ന് തൂക്കി കവറിലാക്കിയാണ് ഇയാൾ വിൽക്കുന്നത്. മുസ്തഫയുടെ പക്കലാണ് മയക്കുമരുന്നിൽ ഒരു ഭാഗം കണ്ടെത്തിയത്.