അന്പലവയൽ ഗവ. സ്കൂൾ: ഇരുന്പുവാതിലുകളും കന്പിയും വിറ്റതിൽ അഴിമതിയെന്ന് യുഡിഎഫ്
1431011
Sunday, June 23, 2024 5:58 AM IST
കൽപ്പറ്റ: അന്പലവയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പഴയ ടോയ്ലെറ്റ് ബ്ലോക്ക് പൊളിച്ചപ്പോൾ ലഭിച്ച 11 ഇരുന്പുവാതിലും കന്പിയും മറ്റു സാമഗ്രികളും മാനദണ്ഡങ്ങൾ പാലിക്കാതെ വിറ്റതിൽ അഴിമതിയുണ്ടെന്ന് യുഡിഎഫ് അന്പലവയൽ പഞ്ചായത്ത് കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പിടിഎ പ്രസിഡന്റും കൂട്ടാളികളും നടത്തിയ അനധികതൃത വിൽപന അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്കൂളിന് പുതിയ കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കുന്നതിനാണ് പഴയ ടോയ്ലെറ്റ് ബ്ലോക്ക് പൊളിച്ചത്. അപ്പോൾ എടുത്തുസൂക്ഷിച്ച ഇരുന്പുവാതിലുകൾ ഉൾപ്പെടെ സാമഗികൾ സംബന്ധിച്ച വിവരം ജില്ലാ പഞ്ചായത്തിനെ അറിയിക്കേണ്ടതും മൂല്യനിർണയം നടത്തി ലേലത്തിൽ വിൽക്കേണ്ടതുമാണ്. എന്നാൽ ജില്ലാ പഞ്ചായത്തിനെ അറിയിക്കാതെ രഹസ്യമായി കടത്തിക്കൊണ്ടുപോയി വിൽക്കുകയാണ് ചെയ്തത്.
വിവരം അറിഞ്ഞ് രക്ഷിതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ടപ്പോൾ നിഷേധാത്മക നിലപാടാണ് ഉത്തരവാദപ്പെട്ടവർ സ്വീകരിച്ചത്. പിടിഎ യോഗം വിളിച്ച് സംഭവം ഒതുക്കാനും വ്യാജ ബില്ല് ഹാജരാക്കി അഴിമതി മൂടിവയ്ക്കാനും ശ്രമം നടന്നു. വിഷയത്തിൽ കുറ്റക്കാർക്കെതിരേ വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ചെയർമാൻ സി. അസൈനു, ഡിഡിസി ജനറൽ സെക്രട്ടറി എൻ.സി. കൃഷ്ണകുമാർ, കോണ്ഗ്രസ് തോമാട്ടുചാൽ മണ്ഡലം പ്രസിഡന്റ് കെ.കെ. ബാബു, ബത്തേരി ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് വി. ബാലസുബ്രഹ്മണ്യൻ, മുസ്ലിം ലീഗ് ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് കണക്കിയിൽ മുഹമ്മദ്, അന്പലവയൽ പഞ്ചായത്ത് സെക്രട്ടറി സി. യൂസഫ് എന്നിവർ പങ്കെടുത്തു.