വനാതിർത്തിയിൽ കിടങ്ങും ഫെൻസിംഗുമുണ്ട്; രാത്രിയായാൽ ആനകൾ കൃഷിയിടങ്ങളിൽ
1430836
Saturday, June 22, 2024 5:56 AM IST
വനംവകുപ്പ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കർഷകർ
സുൽത്താൻ ബത്തേരി: വനാതിർത്തിയിൽ ഫെൻസിംഗും കിടങ്ങുമെല്ലാം കാട്ടാനകളെ പ്രതിരോധിക്കാനായി ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രയോജനമൊന്നും തോട്ടാമൂലയിലെ കർഷകർക്ക് ലഭിക്കുന്നില്ല. കിടങ്ങ് ഇടിച്ച് തൂക്ക് ഫെൻസിംഗും മറികടന്ന് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.
മാസങ്ങളായി കാട്ടാനഭീതിയിലാണ് തോട്ടമൂലക്കാരുടെ ജീവിതം. തോട്ടാമൂലയിലെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുളള നെൻമേനിക്കുന്ന്, കാക്കമല, കാരപ്പൂതാടി അടക്കമുള്ള പ്രദേശങ്ങളിൽ ഇരുട്ടുവീഴുന്നതോടെ കാട്ടുകൊന്പൻമാർ ഭീതിപരത്തുകയാണ്.
കാടിനുപുറത്തുകടക്കുന്ന കാട്ടാനകൾ വീടിനുസമീപം വരെയെത്തിയാണ് വിളകൾ നശിപ്പിക്കുന്നത്. തുടർന്ന് നേരം പുലരുന്നത് വരെ കൃഷിയിടത്തിൽതന്നെ തങ്ങലും പതിവാണ്. ഇതുകാരണം സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തെ കർഷക ജനത.
കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടുകൊന്പൻ പ്രദേശവാസികളായ പൂന്തുറ ജോർജ്, മൂശാപ്പള്ളി തങ്കമ്മ, കളന്പാട്ട് ഗ്രേസി, ഏലക്കാട്ട് ജിൽജ എന്നിവരുടെ കാർഷിക വിളകളും പ്രദേശത്തെ ഹോംസ്റ്റേയുടെ ചുറ്റും സ്ഥാപിച്ച് ഫെൻസിംഗും നശിപ്പിച്ചു.
വനാതിർത്തിയിലെ തൂക്ക് ഫെൻസിംഗ് അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രവർത്തന രഹിതമാകുന്നതാണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങാൻ കാരണം. ട്രഞ്ചിന്റെ വശങ്ങൾ ഇടിച്ചും കാട്ടാനകൾ പുറത്തുകടക്കുകയാണ്.
കാട്ടാന കൃഷിയിടത്തിലിറങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചാൽ എത്താൻ വാഹനമില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകയായ തങ്കമ്മ പറഞ്ഞു. കാട്ടാനയെ തുരത്താൻ വനംവകുപ്പിന്റെ പക്കൽ യാതൊരു സൗകര്യവുമില്ലെന്നും നാട്ടുകാർ പറയുന്നു.
ഇരുചക്രവാഹനങ്ങളുമായി രാത്രികാലങ്ങളിൽ തോട്ടാമൂലപ്രദേശത്തുകൂടിയുള്ള സഞ്ചാരം അപകടം നിറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. ഇനിയും കാട്ടാനശല്യം സഹിച്ച് ജീവിക്കാനാവില്ലെന്നും പ്രശ്നപരിഹാരമില്ലെങ്കിൽ ശക്തമായ പ്രതിഷേധം വനംവകുപ്പ് നേരിടേണ്ടിവരുമെന്നുമാണ് സ്ത്രീകളടക്കമുള്ളവരുടെ മുന്നറിയിപ്പ്.