മെച്ചപ്പെട്ട വേതനം, ആനുകൂല്യം: സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ നിവേദനം നൽകും
1430626
Friday, June 21, 2024 6:07 AM IST
കൽപ്പറ്റ: മെച്ചപ്പെട്ട വേതനം, പ്രൊവിഡന്റ് ഫണ്ട്, സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, പെൻഷൻ എന്നിവ ഉറപ്പാക്കുന്നതിന് ഇടപെടൽ തേടി സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി, തൊഴിൽ, ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാർ എന്നിവർക്ക് നിവേദനം നൽകും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബേബി കൈനിക്കുടി, ട്രഷറർ ടി.പി. ജമാൽ, ബത്തേരി താലൂക്ക് പ്രസിഡന്റ് മോഹൻ താളൂർ, ജില്ലാ കമ്മിറ്റിയംഗം എം. സജീർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
കൊടിയ ചൂഷണവും അവഗണനയുമാണ് ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവർമാർ നേരിടുന്നത്. മാസം 7,000 രൂപ മുതൽ 13,000 രൂപ വരെയാണ് സ്കൂൾ മാനേജ്മെന്റുകൾ ബസ് ഡ്രൈവർക്ക് ശന്പളം നൽകുന്നത്. 20 വർഷം വരെ സർവീസുള്ളവർക്കാണ് 10,000 രൂപയ്ക്കു മുകളിൽ ശന്പളം.
ഡ്രൈവർമാർക്ക് 15,000 രൂപയെങ്കിലും വേതനം നൽകണമെന്ന ആവശ്യത്തോട് സ്കൂൾ മാനേജ്മെന്റുകൾ മുഖം തിരിക്കുകയാണ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസും ഡ്രൈവർമാർ സ്വന്തമായി മുടക്കേണ്ട സ്ഥിതിയാണ്. ജോലി ചെയ്യാൻ പറ്റാത്തവിധം ആരോഗ്യം നശിക്കുന്പോൾ വെറും കൈയോടെ പിരിയേണ്ട ഗതികേടിലാണ് ഡ്രൈവർമാർ.
പ്രവൃത്തി ദിനങ്ങളിൽ രാവിലെയും വൈകുന്നേരവുമായി ശരാശരി അഞ്ച് മണിക്കൂറാണ് സ്കൂൾ ബസ് ഡ്രൈവർമാർക്ക് ജോലി. ജീവിക്കാൻ പര്യാപ്തമായ ശന്പളം ഡ്രൈവർമാർക്ക് ലഭ്യമാക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് സർക്കാർ കർശന നിർദേശം നൽകണം. അല്ലെങ്കിൽ സ്കൂൾ ബസ് ഡ്രൈവർമാരെ സർക്കാർ ഏറ്റെടുക്കണം.
ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചെലവ് സ്കൂൾ മാനേജ്മെന്റുകൾ വഹിക്കണം. വിരമിക്കുന്നവർക്കു ആനുകൂല്യം ഉറപ്പുവരുത്തണം. ബസ് ഉള്ള എല്ലാ വിദ്യാലയങ്ങളിലും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.