ഗൃഹനാഥന്റെ മരണം: കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കു പരാതി നൽകി
1429956
Monday, June 17, 2024 5:58 AM IST
മാനന്തവാടി: നല്ലൂർനാട് പുലിക്കാട് കുറ്റിയോട്ടുകുന്ന് താവളത്തിൽ പുത്തൻവീട്ടിൽ ശശിധരന്റെ മരണത്തിനു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ നിർത്തണമെന്നു ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കു പരാതി നൽകി.
പകർപ്പ് ജില്ലാ കളക്ടർ, പോലീസ് മേധാവി എന്നിവർക്ക് ലഭ്യമാക്കി. ശശിധരന്റെ മരണത്തിനു കാരണക്കാർക്കെതിരേ പോലീസ് നടപടി വൈകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയതെന്നു ഭാര്യ രാധ, മക്കളായ രഞ്ജിത്ത്, രതീഷ്, കുടുംബാംഗം എം.ജി. പ്രദീപ് എന്നിവർ പറഞ്ഞു.
ഏപ്രിൽ 29ന് ഉച്ചയ്ക്ക് പൈങ്ങാട്ടിരി സൊസൈറ്റി ജംഗ്ഷനിലെ ഒരു കടയിൽ ശശിധരനു മർദനമേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മെയ് 22നാണ് മരിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും മാസം കഴിഞ്ഞിട്ടും കാര്യക്ഷമമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തില്ല. പൈങ്ങാട്ടിരിയിൽനിന്നു പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നതാണെന്നു പരാതിയിൽ പറയുന്നു.