ഉപ തെരഞ്ഞെടുപ്പ് ഒഴിവാകുമോ? ആകാംക്ഷയിൽ വയനാട്
1429949
Monday, June 17, 2024 5:58 AM IST
കൽപ്പറ്റ: ലോക്സഭയിൽ ഏതു മണ്ഡലത്തെ പ്രതിനിധാനം ചെയ്യണമെന്നതിൽ രാഹുൽ ഗാന്ധി ഇന്നു തീരുമാനം പ്രഖ്യാപിക്കാനിരിക്കേ ഉപ തെരഞ്ഞെടുപ്പ് ഒഴിവാകുമോ എന്ന ആകാംക്ഷയിൽ വയനാട്.
തുടർച്ചയായ രണ്ടാം തവണയും വൻ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലം രാഹുൽ നിലനിർത്തണമെന്ന ആഗ്രഹത്തിലാണ് വയനാടൻ ജനത. തിരുവന്പാടി, വണ്ടൂർ, ഏറനാട്, നിലന്പൂർ, മാനന്തവാടി, കൽപ്പറ്റ, ബത്തേരി നിയോജകമണ്ഡലങ്ങളടങ്ങുന്ന വയനാട് മണ്ഡലത്തോടു രാഹുലിനു പ്രത്യേക മമതയുമുണ്ട്.
എന്നാൽ വയനാട് ഒഴിവാക്കാനും റായ്ബറേലി നിലനിർത്താനും കോണ്ഗ്രസ് പ്രവർത്തക സമിതിയും ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷി നേതാക്കളും അദ്ദേഹത്തിൽ സമ്മർദം ചെലുത്തുകയാണ്.
രാജ്യവ്യാപകമായി എൻഡിഎ വിരുദ്ധ പ്രചാരണത്തിനും ഇന്ത്യാ സഖ്യത്തിന്റെ ശക്തീകരണത്തിനും രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരുന്നതാണ് ഉചിതമെന്നാണ് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇതേവഴിക്കാണ് ഇന്ത്യാ സഖ്യം നേതാക്കളുടെയും ചിന്ത. മൂന്നാം മോദി സർക്കാർ അഞ്ചു വർഷം തികയ്ക്കില്ലെന്ന് കരുതുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴത്തേതെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെയും ഇന്ത്യാ സഖ്യം നേതാക്കളുടെയും വിലയിരുത്തൽ. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം മുതൽ രാഹുൽ ഗാന്ധി മോദി പ്രഭാവത്തെ കടത്തിവെട്ടുന്നതാണ് രാജ്യം കണ്ടത്.
സ്വപ്നംകണ്ട മൃഗീയഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേടാനായില്ല. കൂട്ടുകക്ഷികളുടെ പിന്തുണയിലാണ് മോദി പ്രധാനമന്ത്രിപദത്തിൽ തുടരുന്നത്. അതിനാൽത്തന്നെ കോണ്ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള ആലോചനയും ഇന്ത്യാ സഖ്യം നേതാക്കളിൽ ചിലരിൽ സജീവമാണ്.
ഏതു മണ്ഡലം നിലനിർത്തുമെന്നതിൽ രാഹുൽ ഗാന്ധി മനസ് തുറക്കാൻ വൈകിയതിനു പിന്നിൽ വയനാടിനോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക ഇഷ്ടമാണെന്നു കരുതുന്നവർ കേരളത്തിലെ കോണ്ഗ്രസ്-ലീഗ് നേതാക്കളിലുണ്ട്. തെരഞ്ഞെടുപ്പുവിജയത്തിനുശേഷം ആദ്യമായി കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധി എടവണ്ണയിലും മലപ്പുറത്തും നടത്തിയ പ്രസംഗത്തിൽ വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതാകും തന്റെ തീരുമാനമെന്നാണ് പറഞ്ഞത്.
ഇത് പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തുമെന്നതിന്റെ സൂചനയായാണ് അദ്ദേഹത്തിന്റെ വാക്കുകളെ ചിലർ കണ്ടത്. ഉപ തെരഞ്ഞൈടുപ്പിൽ മത്സരിക്കുന്നതിനു പ്രിയങ്ക ഗാന്ധി എത്തുമെന്ന തരത്തിലും വ്യാഖ്യാനം ഉണ്ടായി.
രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം വിസ്മരിക്കാൻ കഴിയാത്ത മണ്ഡലമാണ് വയനാട്.
ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നതിനിടെയാണ് അപകീർത്തി കേസിൽ ഗുജറാത്തിലെ സൂറത്ത് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരനെന്നുകണ്ട് രണ്ടു വർഷം തടവിനു ശിക്ഷിച്ചത്.
തൊട്ടടുത്ത ദിവസം രാഹുൽ ഗാന്ധിയുടെ എംപി പദവിക്കു അയോഗ്യത കൽപ്പിച്ച് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ഉത്തരവിറക്കി. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2023 ഓഗസ്റ്റ് നാലിലെ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാലത്തിലാണ് രാഹുൽ ഗാന്ധി വയനാട് എംപി പദവി തിരിച്ചുപിടിച്ചത്.
വയനാട് മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പിനു സാധ്യത നിലനിൽക്കേ തണുത്തുറഞ്ഞ മട്ടിലാണ് ഇടതുപക്ഷം. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയായി എത്തിയാൽ പൊരുതുന്നതിൽ അർത്ഥമില്ലെന്ന് കരുതുന്നവരാണ് ഇടതുപക്ഷത്തുള്ളവരിൽ പലരും. തെരഞ്ഞെടുപ്പിൽ സിപിഐ ദേശീയ നിർവാഹക സമിതിയംഗവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയെയാണ് എൽഡിഎഫിനുവേണ്ടി രാഹുൽ ഗാന്ധിയെ നേരിട്ടത്.
രണ്ട് മാസത്തോളം പ്രചാരണ രംഗത്ത് സജീവമായിരുന്ന അവർ ഉശിരൻ സ്ഥാനാർഥി എന്ന ഖ്യാതിയും വോട്ടർമാർക്കിടയിൽ നേടി. എന്നാലിത് വോട്ടായി മാറിയില്ല. 2019ലേതും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ഉപ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ പ്രിയങ്ക സ്ഥാനാർഥിയായാൽ രാഹുൽ ഗാന്ധിക്കു 2019ൽ ലഭിച്ചതിനേക്കാൾ വോട്ട് ലഭിക്കുമെന്നു കരുതുന്നവരും ഇടതുനിരയിലുണ്ട്.