നെറ്റ് സീറോ കാർബണ്‍ കേരളം: പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു
1429456
Saturday, June 15, 2024 5:53 AM IST
അന്പലവയൽ: നവകേരളം കർമപദ്ധതിയിൽ ഹരിത കേരളം മിഷന്റെ "നെറ്റ് സീറോ കാർബണ്‍ കേരളം ജനങ്ങളിലൂടെ’ കാന്പയിനിന്റെ ഭാഗമായി അംഗൻജ്യോതി പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. അന്പലവയൽ പഞ്ചായത്തിലെ 37 അങ്കണവാടികൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഷമീർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജെസി ജോർജ്, വാർഡംഗങ്ങളായ എൻ.സി. കൃഷ്ണകുമാർ, ഷൈനി ഉതുപ്പ്, രാജി വിജയൻ, പി.ടി. കുര്യച്ചൻ, ഐസിഡിഎസ് സൂപ്പർവൈസർ ഭാഗ്യ ലക്ഷ്മി, ആർ.പി. അഖിയ തുടങ്ങിയവർ പ്രസംഗിച്ചു.
അങ്കണവാടികളിൽ ഉപയോഗിക്കുന്ന വിവിധ പാചക ഉപകരണങ്ങൾ സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റുകയും അതുവഴി ഊർജ സംരക്ഷണവും കാർബണ്‍ എമിഷൻ കുറക്കുകയും ചെയ്യുന്ന അംഗൻ ജ്യോതി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. നെറ്റ് സീറോ കാർബണ്‍ കാന്പയിനിൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട നാല് തദ്ദേശ സ്ഥാപനങ്ങളിലെ 132 അങ്കണവാടികൾക്കാണ് ഈ സൗര പാചക ഉപകരണങ്ങൾ വിതരണം ചെയ്തത്.