സർക്കാർ നടത്തേണ്ടത് കേരള കർഷകസഭ: കത്തോലിക്കാ കോണ്ഗ്രസ്
1429455
Saturday, June 15, 2024 5:53 AM IST
കൽപ്പറ്റ: സർക്കാർ നടത്തേണ്ടത് ലോക കേരളസഭയല്ല, കേരള കർഷക സഭയാണെന്ന് കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപത സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ കർഷകരെ സർക്കാരും പ്രതിപക്ഷവും അവഗണിക്കുകയും അവരുടെ പ്രശ്നങ്ങളിൽ മൗനം പാലിക്കുകയുമാണ്.
ഇതിനിടെയാണ് സർക്കാർ കേരള ലോകസഭ നടത്തുന്നത്. നാടിന്റെ നട്ടെല്ല് കർഷകനെന്ന് ആവർത്തിക്കുന്ന ഭരണപക്ഷ, പ്രതിപക്ഷ നേതാക്കൾ കൃഷിക്കാരുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ വീഴ്ചവരുത്തുകയാണ്.
വന്യമൃഗശല്യം കർഷകരെ പൊറുതിമുട്ടിക്കുകയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിളകളിൽ പലതിനും ന്യായവിലയില്ല. കാലാവസ്ഥാവ്യതിയാനം കാർഷിക മേഖലയെ തകർക്കുകയാണ്. വർധിക്കുന്ന കാർഷക ആത്മഹത്യ, രാസവള സബ്സിഡി വെട്ടിക്കുറയ്ക്കൽ, ബാങ്കുകളുടെ ജപ്തി ഭീഷണി, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കഴുത്തറപ്പൻ സമീപനം എന്നിവ കർഷകരെ തളർത്തുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
മുന്പ് നടത്തിയ ലോക കേരളസഭകളുടെ നേട്ടം സർക്കാർ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, സജീവ് ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, ജിജോ മംഗലത്ത്, തോമസ് പട്ടമന, സാജു കൊല്ലപ്പള്ളി, തോമസ് പാഴുക്കാല, സജി ഇരട്ടമുണ്ടക്കൽ,മോളി മാമൂട്ടിൽ, അന്നക്കുട്ടി ഉണ്ണിപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.