വന്യമൃഗശല്യം : വാകേരി തേൻകുഴിയിലെ കർഷകർ കോടതിയെ സമീപിക്കാനൊരുങ്ങുന്നു
1429254
Friday, June 14, 2024 6:08 AM IST
സുൽത്താൻ ബത്തേരി: രൂക്ഷമായ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ വാകേരി തേൻകുഴിയിലെ കർഷകർ പ്രശ്നപരിഹാരം കാണുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ഒരു മാസമായി ഒരു ദിവസംപോലും മുടക്കമില്ലാതെയാണ് കാട്ടാനകൾ കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തുന്നത്. ഇതിന് പരിഹാരം കാണേണ്ട വനം വകുപ്പാകാട്ടെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കാട്ടാനകൾ കൃഷിയിടത്തിലേക്ക് കയറാതിരിക്കുന്നതിന് വേണ്ടി വനാതിർത്തിയിൽ നിർമിച്ച റെയിൽ ഫെൻസിംഗ് തകർന്നതാണ് വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് എത്താൻ കാരണം. ഒരു മാസം മുന്പാണ് വാകേരി തേൻകുഴി രണ്ടാം നന്പർ ഭാഗത്ത് കാട്ടാന റെയിൽ വേലി തകർത്തത്. നട്ടും ബോൾട്ടും ഇളകിപോകുകയും വെൽഡ് ചെയ്ത ഭാഗത്ത് പൊട്ടി പോകുകയുമാണ് ചെയ്തത്.
നിസാര പണം ചെലവാക്കിയാൽ നട്ടും ബോൾട്ടും വാങ്ങി നട്ട് പോയ ഭാഗത്ത് ഇട്ട് ഉറപ്പിക്കുകയും പൊട്ടിപ്പോയഭാഗം വെൽഡ് ചെയ്യുകയും ചെയ്യാം. ഇത് ചെയ്യാൻ മെനക്കെടാതെയാണ് കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികൾ കാട്ടാനയിറങ്ങി നശിപ്പിക്കാൻ ഇടവരുത്തുന്നത്.
നേരത്തെ നട്ടും ബോൾട്ടും പോയിരുന്ന ഫെൻസിംഗ് നാട്ടുകാരിൽ ചിലർ കന്പിയും മറ്റും ഇട്ട് കെട്ടിവച്ചിരുന്നു. എന്നാൽ അത് ആന വന്ന് തട്ടിയതോടെ തകർന്നു. തേൻകുഴി ഭാഗത്തെ മാന്പളിൽ രവീന്ദ്രൻ, കൊടൂർ സജീവൻ, തേൻകുഴിയിലെ ചന്ദ്രൻ, കുഞ്ഞിരാമൻ, അച്ചുതൻ തുടങ്ങി നിരവധി കാർഷകരുടെ വാഴ, തെങ്ങ്, കമുക്, കാപ്പി, ഏലം തുടങ്ങിയ വിളകളെല്ലാമാണ് നശിപ്പിച്ചത്. ആന സ്ഥിരമായി എത്താൻ തുടങ്ങിയതോടെ ഇവിടുത്തെ കൃഷിയിടങ്ങൾ ചവിട്ടി നശിപ്പിച്ചു കഴിഞ്ഞു. ഓരോ കർഷകർക്കും ലക്ഷങ്ങളുടെ കൃഷികളാണ് നശിച്ചത്.
ചെറിയ തുകയ്ക്ക് നവീകരണംപ്രവർത്തി നടത്താൻ കഴിയുമാരുന്ന സ്ഥാനത്താണ് കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരമായി ലക്ഷങ്ങൾ വനം വകുപ്പ് നൽകേണ്ടി വരുക. മാസങ്ങളായി ആനശല്യം തുടർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ വനം വകുപ്പ് ഓഫീലിലേക്ക് മാർച്ച് നടത്താനും പ്രശ്ന പരിഹാരത്തിന് കോടതിയെ സമീപിക്കാനും തിരുമാനിച്ചിരിക്കുകയാണ്.