കോളറാട്ടുകുന്നിലെ സ്റ്റേഡിയം യാഥാർഥ്യമായില്ല: ഭൂമി തിരികെ നൽകണമെന്ന് പുൽപ്പള്ളി പഞ്ചായത്ത്
1429252
Friday, June 14, 2024 6:08 AM IST
പുൽപ്പള്ളി: അന്പെയ്ത്ത് കേന്ദ്രത്തിന്റെ ഭാഗമായി സ്റ്റേഡിയം സമുച്ചയമടക്കം നിർമിക്കുന്നതിനായി പുൽപ്പള്ളി പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി പഞ്ചായത്ത്. പദ്ധതി ഇനിയും യാഥാർത്ഥ്യമാകാത്തതിനാലാണ് വികസന പ്രവർത്തനങ്ങൾക്കായി ഭൂമി മടക്കി നൽകണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
2010 ജനുവരിയിലാണ് സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്ന പുൽപ്പള്ളിയിലെ കോളറാട്ടുകുന്നിലെ ബ്ലോക്ക് നന്പർ അഞ്ചിൽപ്പെട്ട ഭൂമി പഞ്ചായത്ത് വാങ്ങി സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് കൈമാറിയത്.
എന്നാൽ 14 വർഷം കഴിഞ്ഞിട്ടും പദ്ധതി യാഥാർത്ഥ്യമാകുകയോ കാര്യമായ തുടർനടപടിയുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് എട്ടേക്കർ ഭൂമിയിൽ നിന്ന് നാല് ഏക്കർ ഭൂമി പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി തിരികെ വേണമെന്ന ആവശ്യം പഞ്ചായത്ത് മുന്നോട്ടുവച്ചിരിക്കുന്നത്. മൂന്ന് വർഷം കൊണ്ട് ആർച്ചറി അക്കാദമിയോട് അനുബന്ധിച്ച് സ്റ്റേഡിയം സമുച്ചയം യാഥാർഥ്യമായില്ലെങ്കിൽ ഭൂമി തിരികെ നൽകുമെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ പറഞ്ഞു.
എന്നാൽ ഇത്രയും വർഷം കഴിഞ്ഞിട്ടും യാതൊരുവിധ പ്രവർത്തനവും നടത്താൻ സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് സാധിച്ചിട്ടില്ല. പുൽപ്പള്ളിയെ സംബന്ധിച്ച് വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാൻ ഭൂമിയില്ലെന്ന അവസ്ഥയാണുള്ളത്.
ബസ്സ്റ്റാൻഡ്, ഫയർസ്റ്റേഷൻ, വിവിധ സർക്കാർ ഓഫീസുകൾ എന്നിങ്ങനെ പദ്ധതികൾ ഒരുപാട് നടപ്പിലാക്കാനിരിക്കുന്പോഴും ആവശ്യമായ ഭൂമി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ അന്പെയ്ത്ത് കേന്ദ്രത്തിന് ആവശ്യമായ നാല് ഏക്കർ ഒഴിച്ച് ബാക്കിസ്ഥലം പഞ്ചായത്തിന് മടക്കി നൽകണമെന്നാണ് ആവശ്യം.