സ്കൂൾ മൈതാനത്തെ ഉപയോഗശൂന്യമായ ജലസംഭരണി അപകട ഭീഷണിയിൽ
1428661
Tuesday, June 11, 2024 8:03 AM IST
സുൽത്താൻ ബത്തേരി: സ്കൂൾ മൈതാനത്തെ ഉപയോഗശൂന്യമായ ജലസംഭരണി അപകടഭീഷണിയിൽ. ചെതലയം ചേനാട് ഗവ. ഹൈസ്കൂൾ മൈതാനാത്ത് നിൽക്കുന്ന പുത്തനൂർ രാജീവ്ഗാന്ധി കുടിവെള്ളപദ്ധതിയുടെ സംഭരണിയാണ് ഭീഷണിയായിരിക്കുന്നത്. കോണ്ക്രീറ്റ് കാലുകൾക്ക് വിള്ളൽവീണ് ഏത് സമയവും നിലംപതിക്കാമെന്ന അവസ്ഥയിലാണ് നിൽപ്പ്.
ചെതലയം നെല്ലിപ്പറ്റ, ആറാംമൈൽ, പടിപ്പുര പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് കുടിവെളളമെത്തിക്കാനാണ് പുത്തനൂർ രാജീവ് ഗാന്ധി കുടിവെള്ളപദ്ധതി ആരംഭിച്ചത്. ഇതിന്റെ കൂറ്റൻജലസംഭരണി ചേനാട് ഗവ. സ്കൂൾ മൈതാനത്താണ് നിർമിച്ചത്.
ഏതാനും വർഷങ്ങൾ നല്ലരീതിയിൽ കുടിവെള്ളവിതരണം മുന്നോട്ട് പോയെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി പദ്ധതി പ്രവർത്തന രഹിതമാണ്. ഇതോടെ ജലസംഭരണിക്ക് കേടുപാടുകൾ സംഭവിച്ചു. ജലസംഭരണിയുടെ അടിഭാഗം വിള്ളൽ വീണ നിലയിലാണ്. തുരുന്പെടുത്ത കന്പികൾ പുറത്തുകാണാം. ഏത് സമയവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ് ജലസംഭരണി.
ഈ മൈതാനത്തിലാണ് സ്കൂളിലെ വിദ്യാർഥികളും പ്രദേശത്തുകാരും ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയവ കളിക്കുന്നത്. ജലസംഭരണി തകർന്നുവീണാൽ ഒരുപക്ഷേ വലിയഅപകടത്തിന് കാരണമായേക്കും. അപകടഭീഷണിയിലായ ജലസംഭരണി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് ആരോപണം. ആപത്ത് സംഭവിക്കുന്നതിനുമുന്പേ സംഭരണി പൊളിച്ചുമാറ്റി വിദ്യാർഥികളുടെയും മറ്റും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് ആവശ്യമുയർന്നു.