കുറിച്ചിപ്പറ്റയിൽ യോഗം ചേർന്നു
1428660
Tuesday, June 11, 2024 8:03 AM IST
പുൽപ്പള്ളി: കുറിച്ചിപ്പറ്റയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും യോഗം ചേർന്നു.
ആന തകർത്ത കടയുടെ ഉടമയായ ഷൈലേഷിന് അടിയന്തര സഹായമായി ബുധനാഴ്ചയ്ക്കുള്ളിൽ 25,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. പഞ്ചായത്ത് അധികൃതർ നടത്തുന്ന പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന വാല്യുവേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാക്കി തുക നൽകും. കാട്ടാനശല്യം രൂക്ഷമായ ഈ മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു.
വനാതിർത്തിയിലെ ഇടിഞ്ഞുകിടക്കുന്ന കിടങ്ങുകൾ നന്നാക്കുമെന്നും വൈദ്യുതി വേലികൾ പ്രവർത്തന സജ്ജമാക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ പി.ഡി. രതീഷ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.പി. അബ്ദുൾ ഗഫൂർ, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, പഞ്ചായത്തംഗം ഉഷ സത്യൻ, പുൽപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി, ബെന്നി എള്ളുങ്കൽ, പി.കെ. സുകുമാരൻ, കെ.എം. ദിലീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.