ജനവാസകേന്ദ്രത്തിലിറങ്ങുന്ന അക്രമകാരിയായ ആനയെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി വേണമെന്ന്
1428659
Tuesday, June 11, 2024 8:03 AM IST
പുൽപ്പള്ളി: വനാതിർത്തി മേഖലയിൽ നിന്നു ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന അക്രമകാരികളായ ആനകളെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി വേണമെന്ന ആവശ്യം. കഴിഞ്ഞ ദിവസം കുറിച്ചിപ്പറ്റയിൽ ജനങ്ങൾക്കു നേരെ ചീറിയടുക്കുകയും കടയുടെ ഷട്ടർ തകർക്കുകയും ചെയ്ത കാട്ടുകൊന്പൻ കഴിഞ്ഞ ദിവസം കുറിച്ചിപ്പറ്റ-കുറുവ റോഡിൽ വാഹനങ്ങൾക്കു നേരെ ചീറിയടുത്തിരുന്നു.
തലനാരിഴയ്ക്കാണ് മാനന്തവാടിയിൽ നിന്നു പുൽപ്പള്ളിക്ക് വന്ന പാലമറ്റത്തിൽ സുനിലിന്റെ കാർ ആനയുടെ മുന്നിൽ നിന്നു രക്ഷപ്പെട്ടത്. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹനങ്ങൾക്കു നേരേയും ആന ചീറിയടുത്തിരുന്നു.
ഈ ആന തന്നെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പാക്കത്തെ പോളിനെ ആക്രമിച്ച് കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസങ്ങളായി പാക്കം, കുറിച്ചിപ്പറ്റ പ്രദേശങ്ങളിൽ ആന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പല തോട്ടങ്ങളിലുമിറങ്ങി കൃഷി നശിപ്പിച്ചത് ഈ കൊന്പനാനയാണെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണകാരിയായ ആനയായതിനാൽ കൃഷിയിടത്തിൽ നിന്നു തുരത്താൻ കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പ് അടിയന്തരമായി ശല്യക്കാരനായ ആനയെ ഉൾവനത്തിലേക്ക് തുരത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുൻ കാലങ്ങളിൽ ആന ശല്യമുണ്ടാകുന്പോൾ വനംവകുപ്പ് ആ മേഖലകളിൽ വാച്ചർമാരെ നിയമിച്ച് ആനകളെ തുരത്താനാവശ്യമായ നടപടി സ്വീകരിക്കുമായിരുന്നു. എന്നാലിപ്പോൾ വാച്ചർമാരുടെ കുറവ് മൂലം ആനശല്യമുള്ള മേഖലകളിൽ വാച്ചർമാരെ നിയമിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലുണ്ടായിരുന്ന വാച്ചർമാരിൽ ഭൂരിഭാഗവും ജോലിയിൽ നിന്ന് മാറിയതോടെ പുതിയ ആളുകളെ നിയമിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. ഇതാണിപ്പോൾ ആനശല്യം വർധിക്കാൻ കാരണമെന്ന് കർഷകർ പറഞ്ഞു.
വനാതിർത്തി പ്രദേശങ്ങളിലെ കിടങ്ങും വൈദ്യുതി വേലിയും പൂർണമായി തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നന്നാക്കുന്നതിനാവശ്യമായ യാതൊരു നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ല.
ആലൂർക്കുന്ന്, കുറിച്ചിപ്പറ്റ, വേലിയന്പം, കണ്ടാമല, മൂഴിമല, പ്രദേശങ്ങളിൽ ആഴ്ചകളായി ആനകൾ കൃഷിയിടങ്ങളിലിറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചിട്ടും വനാതിർത്തി മേഖലയിലെ കിടങ്ങും വൈദ്യുതി വേലിയും നന്നാക്കാൻ യാതൊരു നടപടിയുമില്ല.