കുടിവെള്ളം പാഴാകുന്നു; പരാതി നൽകിയിട്ടും നടപടിയില്ല
1428656
Tuesday, June 11, 2024 8:03 AM IST
സുൽത്താൻ ബത്തേരി: ബത്തേരിയിലും പരിസരങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാൻ വകുപ്പ് ജില്ലാഓഫീസിലും മന്ത്രിക്കും പരാതിനൽകിയിട്ടും നടപടിയില്ല. ദേശീയപാതയിൽ കല്ലൂരിലും കുപ്പാടി ബ്ലോക്ക് ഓഫീസ് പരിസരമടക്കം സമീപപ്രദേശങ്ങളിലും പൈപ്പുകൾപൊട്ടി വെള്ളം പാഴാകുകയാണ്. പാതയോരങ്ങളിലെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്ന രീതിയിൽ വെള്ളം ഒഴുകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
പതിറ്റാണ്ടുകൾക്ക് മുന്പ് സ്ഥാപിച്ച പൈപ്പുകളാണ് അധികവും പൊട്ടുന്നത്. ഇതിനുപുറമേ വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ചവയായതിനാൽ റോഡ് വീതികൂടിയപ്പോൾ ഇവയെല്ലാം റോഡിന് മധ്യത്തിലാകുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൈപ്പുകൾ നന്നാക്കാൻ പിഡബ്ല്യുഡിയുടെയോ ദേശീയപാത വകുപ്പിന്റെയോ അനുമതി ലഭിച്ചാൽ മാത്രമേ റോഡ് പൊളിച്ച് പൈപ്പുകൾ നന്നാക്കാൻ സാധിക്കുകയുള്ളു.
അതിനാൽ പുതിയ പൈപ്പുകൾ പാതയോരത്തുകൂടെ സ്ഥാപിച്ച് വെള്ളം തിരിച്ചുവിട്ട് ശാശ്വതമായ പരിഹാരം ഇക്കാര്യത്തിലുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.