"ഉന്നതി’ കോളനിയിൽ താമസക്കാരില്ലാതെ വീടുകൾ കാടുമൂടുന്നു
1425361
Monday, May 27, 2024 7:34 AM IST
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ പാലിയാണ വാർഡിൽ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയ ഭവന പദ്ധതിയിൽ പണി പൂർത്തീകരിച്ചിട്ടും താമസക്കാരില്ലാതെ പുത്തൻ വീടുകൾ കാടു മൂടുന്നു.
ആധുനിക രീതിയിൽ പണിപൂർത്തീകരിച്ച നിരവധി വീടുകളിൽ നാളിതുവരെയായി താമസക്കാരെത്തിയിട്ടില്ല. വാസയോഗ്യമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന ഒട്ടനവധി ആദിവാസി കുടുംബങ്ങളുള്ള പാലിയാണയിൽ വാസയോഗ്യമായ വീടുകൾ കാടുമൂടുന്നത് അനാസ്ഥയാണ്. 39 വീടുകൾ ഉൾപ്പെട്ട ഉന്നതി കോളനിയിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് ആദിവാസി കുടുംബങ്ങളെ താമസിപ്പിച്ചത്. എന്നാൽ കുടിവെള്ളം, ശ്മശാനം, യാത്രയോഗ്യമായ പാതകൾ എന്നിവയെല്ലാം താളം തെറ്റിയിരിക്കുകയാണ്. മരണപ്പെട്ടവരെ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി സംഘർഷങ്ങൾ ഇവിടെ ഉടലെടുത്തിരുന്നു. കോളനിയിൽ ആരെങ്കിലും മരണപ്പെട്ടാൽ സ്വന്തം വീട്ടു മുറ്റത്ത് മറവുചെയ്യേണ്ടി വരുന്നതിനാൽ തൊട്ടടുത്ത വീടുകളിലെ താമസക്കാരും വീട് ഒഴിഞ്ഞു പോകുന്ന സ്ഥിതിയാണുള്ളത്.
ഇത്തരത്തിലുള്ള പല വീടുകളും അടഞ്ഞുകിടക്കുന്നു. മുൻപ് ഈ സ്ഥലത്ത് കൂളിക്കാവ് നിലനിന്നിരുന്നതിനാൽ അതിനടുത്ത് നിർമിക്കപ്പെട്ട വീടുകളിൽ ഒന്നിലും താമസിക്കുവാൻ പല കുടുംബങ്ങളും താൽപര്യം കാട്ടുന്നില്ല. ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ട് കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കുകയും അത്യാവശ്യമായി ശ്മശാനത്തിനുള്ള നടപടികൾ ആരംഭിക്കുകയും കുറ്റമറ്റ ഗതാഗത സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.