കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ജില്ലാതല കലോത്സവം ഇന്ന് തുടങ്ങും
1424974
Sunday, May 26, 2024 4:51 AM IST
കൽപ്പറ്റ: കുടുംബശ്രീ അയൽക്കൂട്ടം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ ജില്ലാതല കലോത്സവം(അരങ്ങ്)26,28,29 തീയതികളിൽ നടത്തുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, അസി. മിഷൻ കോ ഓർഡിനേറ്റർ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജർ വി. ജയേഷ്, പി.കെ. സുഹൈൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേജ് ഇതര ഇനങ്ങളിൽ മത്സരം ഇന്ന് കൽപ്പറ്റ എസ്ഡിഎം എൽപി സ്കൂളിൽ നടക്കും. മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ 28, 29 തീയതികളിലാണ് സ്റ്റേജ് ഇന മത്സരങ്ങൾ. രണ്ട് വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, സംഘനൃത്തം, നാടൻപാട്ട്, ഒപ്പന, കവിതാലാപനം തുടങ്ങി 49 ഇനങ്ങളിലാണ് മത്സരം. 500 ഓളം പേർ പങ്കെടുക്കും.
28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് മത്സരങ്ങൾ. സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി ക്ലസ്റ്റർതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവരാണ് ജില്ലാതലത്തിൽ മാറ്റുരയ്ക്കുന്നത്.
സംസ്ഥാനതല മത്സരം ജൂണ്‍ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കാസർഗോഡ് ജില്ലയിലെ പീലിക്കോട് നടക്കും. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാകായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനാണ് കലോത്സവം നടത്തുന്നത്.